തിരുവനന്തപുരം|
vishnu|
Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (14:57 IST)
ന്യൂജനറേഷന് സിനിമാരംഗത്തെ പിടിച്ചുലച്ച കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു. കേസന്വേഷിക്കുന്ന ഡിസിപി നിശാന്തിനിയെ അപ്രതീക്ഷിതമായി സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ നടുവൊടിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമല്ലെന്ന് വരുത്തുന്നതിനായി പൊലീസ് തലപ്പത്ത് അഴിച്ചുപണിയും നടത്തിയിട്ടുണ്ട്. ഡിസിപി നിശാന്തിനിയെ തൃശൂര്‍ കമ്മിഷണറായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം.ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
കേസില്‍ സിനിമാ- രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട് എന്നാണ് സൂചന. നിലവില്‍ അറസ്റ്റിലായ നടന് ഷൈന്‍ ടോം ചാക്കോയിലും യുവതികളിലും അന്വേഷണം ചുരുട്ടുക്കെട്ടാന് സമ്മര്‍ദ്ദം നടക്കുന്നതിടെയാണ് നിശാന്തിനിയുടെ സ്ഥലംമാറ്റം. കനത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് ഇപ്പോള്‍തന്നെ വഴിമുട്ടിയ കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം ഇതോടെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉറപ്പായി. ഡി.സി.പിയായിരുന്ന നിശാന്തിനിക്കു പകരം ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കൊച്ചിയിലെ മയക്കുമരുന്ന് മഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച പൊലീസ് ഓഫീസറായിരുന്നു ഡിസിപി ആര് നിശാന്തിനി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡ്രീമില്‍ മയക്കുമരുന്ന് റെയ്ഡ് നടത്തിയത്, ആഡംബര നൗകയിലെ മയക്കുമരുന്നുവേട്ട തുടങ്ങിയവ നിശാന്തിനിയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. അതിനുപിന്നാലെ കൊക്കെയ്ന്‍ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് ഇവരുറ്റെ സ്ഥലംമാറ്റമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ദേയമാണ്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുടെ കണ്ണിലെ കരടായിരുന്നു നിശാന്തിനി. ഇവരെ സ്ഥലം മാറ്റിയതില്‍ പൊലീസ് സേനയ്ക്കുള്ളില്‍ അതൃപ്തി വളര്‍ന്നിട്ടുണ്ട്.