പറവൂരിലെ നവകേരള സദസിന് വന്‍ ജനാവലി; സതീശന്റെ വെല്ലുവിളിക്ക് പിണറായിയുടെ മറുപടി

നവകേരള സദസ് അശ്ലീലമാണെന്നും ഭീഷണിപ്പെടുത്തിയാണ് ആളെ കയറ്റുന്നതെന്നും വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു

രേണുക വേണു| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (09:30 IST)

പറവൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനു ആളുകള്‍ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മണ്ഡലമാണ് പറവൂര്‍. നവകേരള സദസിലെ ഏറ്റവും വലിയ ജനക്കൂട്ടങ്ങളില്‍ ഒന്നാണ് വ്യാഴാഴ്ച പറവൂരില്‍ കണ്ടത്. നിവേദനം സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം ജനം കാത്തുനിന്നു. പിന്നീട് മുഖ്യമന്ത്രി വേദി വിട്ടതിനു ശേഷമാണ് ആളുകള്‍ മടങ്ങിയത്.

നവകേരള സദസ് അശ്ലീലമാണെന്നും ഭീഷണിപ്പെടുത്തിയാണ് ആളെ കയറ്റുന്നതെന്നും വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി പറവൂരില്‍ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇടതുപക്ഷം പ്രതീക്ഷിച്ചതിനും അപ്പുറം വന്‍ ജനാവലിയാണ് പറവൂരില്‍ ഉണ്ടായിരുന്നത്. പറവൂരിലെ നവകേരള സദസില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സതീശനെ രൂക്ഷമായി കടന്നാക്രമിക്കുകയും ചെയ്തു.

നാട് ഒരു നിലയ്ക്കും മുന്നോട്ടു പോകാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. കോണ്‍ഗ്രസിനു വേണ്ടത് അധികാരം മാത്രമാണ്. പല കൂട്ടായ്മകളും കേരളം കണ്ടിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം മുകളിലാണ് നവകേരള സദസ്. പറവൂരിലെ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞത്. ആ വിശ്വാസം ജനങ്ങള്‍ പാലിച്ചെന്നും പിണറായി പറഞ്ഞു. പറവൂരിലെ തമ്പുരാന്‍ സ്വപ്‌നം കാണുന്ന കസേര സ്വപ്‌നം മാത്രമായിരിക്കുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പരിഹസിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :