ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം, അംബസഡറുമായി കൂടിക്കാഴ്ച നടത്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (17:45 IST)
ലോകകപ്പ് ഫുട്ബോളിൽ സെമിഫൈനലിൽ എത്തിയ ഫ്രാൻസ് ടീമിന് മുഖ്യമന്ത്രിയുറ്റെ അഭിനന്ദനം. കേരളം സന്ദർശിക്കുന്ന ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനെയിനെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. കൊച്ചിയിൽ വെച്ചാണ് ഫ്രഞ്ച് അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുഹമ്മദ് റിയാസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും കേരളത്തിലേക്ക് ഫ്രാന്‍സിന് സ്വാഗതവും

നമ്മുടെ വിനോദസഞ്ചാര മേഖല ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുകയും
ഒട്ടേറെ രാജ്യങ്ങള്‍ നിക്ഷേപസൗഹൃദവുമായി കേരളത്തിലേക്കെത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കൊച്ചിയില്‍ വെച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഫ്രാന്‍സ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്‌ച വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള
സന്നദ്ധത ഫ്രാൻസ്‌ അറിയിച്ചു.

യുകെ കഴിഞ്ഞാൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ എത്തുന്നത് ഫ്രാൻസിൽ നിന്നാണ്. സെപ്തംബർ മാസത്തിൽ ഫ്രാൻസിൽ നടന്ന പാരിസ് ടോപ് റെസ ഫെയറിൽ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്‍കിയ സ്വീകരണം മികച്ചതായിരുന്നു.

ഫ്രഞ്ച് സംസ്ക്കാരത്തിന്‍റെ അവശേഷിപ്പുകൾ ഇപ്പോഴും നമ്മുടെ വടക്കൻ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാന്‍സിന്‍റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തല്‍കൂടിയാണ്.


കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോൾ ഫ്രാൻസിൽ നിന്നും കൂടുതൽ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണ്.
ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനുള്ള അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :