തിരുവനന്തപുരം|
BIJU|
Last Modified വ്യാഴം, 15 നവംബര്‍ 2018 (16:11 IST)
ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാനില്ലെന്നും അത് നടപ്പാക്കുന്ന കാര്യത്തില്‍ ഒരു സാവകാശത്തിനും ഇല്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഈ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് യോഗം അവസാനിച്ച ശേഷം പ്രതിപക്ഷനേതാവും സംഘവും ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച് ബഹിഷ്കരിച്ചത്.
സുപ്രീംകോടതി നിലപാട് അംഗീകരിക്കാനും അനുസരിക്കാനും എല്ലാവരും ബാധ്യസ്ഥരാണ്. അത് നടപ്പാക്കുന്ന കാര്യത്തില്‍ സാവകാശം സ്വീകരിക്കാനൊന്നും സര്‍ക്കാരില്ല. വിധി നടപ്പാക്കുന്ന കാര്യത്തില്‍ വെള്ളം ചേര്‍ക്കില്ല - പിണറായി വ്യക്തമാക്കി.
മല ചവിട്ടാന്‍ തൃപ്തി ദേശായിയും സംഘവും എത്തുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ‘ആരാണ് തൃപ്തി ദേശായി?’ എന്ന് മുഖ്യമന്ത്രി മറുചോദ്യമെറിഞ്ഞു. നേരത്തേ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കാവിക്കൊടി പിടിച്ച് അവര്‍ നില്ക്കുന്ന ചിത്രം കണ്ടിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
സര്‍വകക്ഷിയോഗം നേരത്തേ വിളിക്കേണ്ടതായിരുന്നു എന്ന പരാതി പ്രതിപക്ഷനേതാവിന് ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചപ്പോള്‍ ‘നേരത്തേ ഇറങ്ങിപ്പോകാന്‍ കഴിഞ്ഞില്ല എന്ന പരാതിയുണ്ടാവും' എന്ന് പരിഹസിക്കാനും പിണറായി മറന്നില്ല.