Last Updated:
തിങ്കള്‍, 6 ഒക്ടോബര്‍ 2014 (14:11 IST)
ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏത് തസ്തികയില്‍ നിയമിക്കണമെന്നതിനെ സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2006ല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ലഭിച്ച ശ്രീജേഷിന് 2011ല്‍ ആണ് മാനേജരായി സ്ഥാനക്കയറ്റം കിട്ടിയത്. എന്നാല്‍ ഒളിംപ്യനെന്ന നിലയില്‍ രണ്ടു വര്‍ഷം മുന്‍പു നാട്ടില്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെ നല്‍കിയിട്ടില്ല.
സ്വന്തം നാട്ടില്‍ ജോലി ചെയ്യാനായി ചെന്നൈയില്‍ നിന്നും ജോലി രാജിവെച്ച് എത്തിയ ശ്രീജേഷ് സര്‍ക്കാര്‍ പരിഗണിച്ചതേയില്ല. വിദ്യാഭ്യാസ വകുപ്പില്‍ എഇഒ റാങ്കിലുള്ള അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചെന്നുള്ള ഉത്തരവ് ഈ വര്‍ഷം ആദ്യം ലഭിച്ചെങ്കിലും പോസ്റ്റിംഗ് ഓര്‍ഡറോ ജോലി സംബന്ധിച്ചു മറ്റ് അറിയിപ്പുകളോ ഇതുവരെ ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനം.