ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി: 'പുഴുവരിച്ചത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്'

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (19:27 IST)
ഐഎംഎയ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. ആരോഗ്യ രംഗത്തിന്റെ പ്രവര്‍ത്തനത്തെ ഒരുമയുടെ ഭാഗമായാണ് നാട് മുക്തകണ്ഠം പ്രശംസിക്കുന്നത്. എന്തിനും ഒരു വ്യത്യസ്തതയുണ്ടാകും. അത് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്നത് അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :