തിരുവനന്തപുരം|
Last Modified വ്യാഴം, 29 മെയ് 2014 (16:16 IST)
മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ ശരിയാവില്ല. ഏതെങ്കിലും സിനിമാവാര്ത്തയാണ് ഇതെന്ന് ഓര്‍ത്തെങ്കില്‍ തെറ്റി.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം കൂടിയ കെപിസിസി എക്സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരേ പരസ്യ വിമര്‍ശനത്തിലെ ചില സംഭാഷണശകലങ്ങളാണിത്. കെ സുധാകരനും കെ സി അബുവുമാണ് രാഹുല്‍ ഗാന്ധിക്കെതിരെയും കേന്ദ്ര നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചത്.
മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ തത്ക്കാലം അത് ശരിയാവില്ലെന്നായിരുന്നു കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെസി അബുവിന്റെ വിമര്‍ശനം. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്ന അഭിപ്രായവും യോഗത്തിനിടെ ഉയര്‍ന്നു.
യുവത്വം പ്രവര്‍ത്തിയിലാണ് വേഷത്തിലല്ല ഉണ്ടാകേണ്ടതെന്ന് രാഹുലിനെ പരസ്യമായി വിമര്‍ശിച്ച് കെ സുധാകരന് പറഞ്ഞു. നയപരമായ തീരുമാനങ്ങളെടുത്തത് പലപ്പോഴും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരമായിരുന്നു. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരെങ്കിലും വേണം അല്ലെങ്കില്‍ രാജ്യത്ത് കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടും. കേന്ദ്രനേതൃത്വത്തിന്റെ തെറ്റുകളുടെ പാപഭാരം സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടി വന്നെന്ന് ടി സിദ്ധിഖ് പറഞ്ഞു.
കണ്ണൂരിലെ തോല്‍വിക്ക് കാരണക്കാരനായ പി രാമകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു. പി രാമകൃഷ്ണനും കെ സുധാകരനും ശരിയാണെന്ന ആണും പെണ്ണും കെട്ട നിലപാട് ശരിയല്ലെന്നും ഏതെങ്കിലും ഒരാള്‍ ശരിയാണെന്ന് നേതൃത്വം തീരുമാനിക്കണമെന്നും കെ സുധാകരന് പറഞ്ഞു. പി രാമകൃഷ്ണനെതിരെ നടപടി എടുത്തില്ലെങ്കില്‍ തുടര്‍ന്നുള്ള കെപിസിസി എക്സിക്യൂട്ടീവില്‍ പങ്കെടുക്കില്ലെന്നും സുധാകരന് പറഞ്ഞു.
കെ സുധാകരനെതിരെ രാമകൃഷ്ണന് ഉന്നയിച്ച പരസ്യ വിമര്‍ശനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപക്ഷം വ്യാപകമായി ഉപയോഗിച്ചിരുന്നു. എ ഗ്രൂപ്പ് നേതാവായ രാമകൃഷ്ണനും അനുയായികളും തിരഞ്ഞെടുപ്പില്‍ സുധാകരനുവേണ്ടി കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.