സിമന്റ് തൂക്കക്കുറവ്: വന്‍‌കിട കമ്പനികള്‍ക്കെതിരെ കേസ്

തിരുവനന്തപുരം| Last Modified ഞായര്‍, 5 ജൂലൈ 2015 (15:12 IST)
ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി സിമന്റ് അടക്കമുള്ള കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന നടത്തി. ഇതില്‍ ശങ്കര്‍, ഇന്‍ഡ്യാന, എസിസി, ഡാല്‍മിയ, ചെട്ടിനാട്, അള്‍ട്രാടെക് എന്നീ ബ്രാന്‍ഡ് സിമന്റ് പാക്കറ്റുകളില്‍ മൂന്ന് കിലോഗ്രാം വരെ തൂക്ക കുറവ് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഡിസ്‌കവറി ബ്രാന്‍ഡ് ടൈല്‍സ് ഒട്ടിക്കുന്ന അഡ്ഹസീവിന്റെ 25 കിലോഗ്രാം പാക്കറ്റില്‍ 500 ഗ്രാം വരെ തൂക്ക കുറവുള്ളതായി കണ്ടുപിടിച്ച് കേസെടുത്തു.

സിമന്റ്, ടൈല്‍സ്, സാനിട്ടറി ഫിറ്റിംഗ്‌സ് തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയതിനെതിരെ കേസെടുത്തു. പരിശോധനയില്‍ ആകെ 91 സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തി. ലീഗല്‍ മെട്രോളജി സംസ്ഥാന കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയ്ക്ക് ദക്ഷിണ മേഖലാ ഡപ്യൂട്ടി കണ്‍ട്രോളര്‍ സി.വി. ബാബു നേതൃത്വം നല്‍കി. എല്ലാ ജില്ലകളിലേയും അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും മറ്റ് ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു.

സിമന്റ്, ടൈല്‍സ് തുടങ്ങിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പാക്കറ്റുകളിലെ തൂക്കക്കുറവ്, അമിത വില ഈടാക്കല്‍, പാക്കറ്റുകളില്‍ നിയമാനുസൃത പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍, മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കല്‍, ഉപകരണങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പൊതു ജനങ്ങള്‍ കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധനകള്‍ സംഘടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :