ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കി;പെട്ടന്ന് ഇറങ്ങിപ്പോകില്ല, നിയമപരമായി നേരിടുമെന്ന് ലൂസി

മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് തീരുമാനമറിയിച്ചത്. രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (10:34 IST)
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസസഭയില്‍നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയില്‍നിന്നാണ് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് തീരുമാനമറിയിച്ചത്. രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ സഭയില്‍നിന്നും പെട്ടെന്ന് ഇറങ്ങിപ്പോവില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കൽ.തീരുമാനത്തെ നിയമപരമായി നേരിടും. സഭയ്ക്കകത്ത് ഇനി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ലൂസി കളപ്പുര പറഞ്ഞു.

ഉത്തരവ് ഇന്ന് രാവിലെ നേരിട്ട് കൊണ്ടുവന്ന് തരികയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ മഠത്തില്‍നിന്നും മാറണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് വായിച്ച് ഒപ്പുവക്കാം എന്ന് പറഞ്ഞപ്പോള്‍ എന്നോട് ദേഷ്യപ്പെടുകയാണുണ്ടായത്.വായിച്ചതിന് ശേഷം ഒപ്പിട്ട് നല്‍കും. എനിക്ക് അങ്ങനെ ഇറങ്ങിപ്പോകാന്‍ പറ്റില്ല. നിയമപരമായി നേരിടണമെന്നാണ് കരുതുന്നത്. സഭയ്ക്കകത്ത് ഇനി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇവിടെനിന്നുള്ള മോശമായ പെരുമാറ്റത്തെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഉത്തരവ്, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിലും തുടര്‍ന്ന നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി. ശമ്പളം മഠത്തിന് നല്‍കിയില്ല. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും പുറത്താക്കാന്‍ കാരണമായി പറയുന്നു. നിരവധിതവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്. മെയ് 11ഡൽഹിയിൽ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്‌തെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :