തിരുവനന്തപുരം|
Last Updated:
ചൊവ്വ, 2 ഏപ്രില്‍ 2019 (14:46 IST)
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്ന ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് എഡിജിപി മനോജ് എബ്രഹാം. ലഭിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും വിദേശ സൈറ്റുകള്‍
വന്‍ വിലയ്‌ക്ക് വില്‍ക്കുകയാണ്. ഈ ഗ്രൂപ്പില്‍ കേരളത്തിനു പുറമേ ഇതരസംസ്ഥാനങ്ങളിലുള്ളവരും അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കൈമാറി പോകുകയും തുടര്‍ന്ന് ഡാര്‍ക് നെറ്റടക്കമുള്ള വിദേശ സൈറ്റുകളില്‍ വില്‍പ്പനയ്‌ക്ക് എത്തുകയും ചെയ്യും. സമൂഹത്തിനു ഭീഷണിയാകുന്ന തരത്തിലുള്ള ബിസിനസ് ഇടപാടായി ഇത് മാറിയിരിക്കുന്നുവെന്നും എഡിജിപി വ്യക്തമാക്കി.
ഓപ്പറേഷൻ പി -ഹണ്ടിലൂടെ പിടിയിലായ ഇരുപതു പേരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. പത്തനംതിട്ട റാന്നിയില്‍ പിടിയിലായ യുവാവ് ഇത്തരം ഒട്ടേറെ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നയാളാണെന്നും കണ്ടെത്തി.
പ്രചരിച്ചവയില്‍ മലയാളികളായ കുട്ടികളുടെ ചിത്രങ്ങളുമുള്ളതിനാല്‍ ഈ കുട്ടികളെ കണ്ടെത്താനും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിലൂടെയാണോ ഇവരുടെ നഗ്നചിത്രം കൈവശപ്പെടുത്തിയതെന്നു കണ്ടെത്താനും ജില്ലാ എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍ന ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.
പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍ന ദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന 80ല്‍ അധികം പേരെ പൊലീസ് തിരിച്ചറിഞ്ഞു.
സംസ്ഥാനത്തെ 12 ജില്ലകളിൽ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന തുടരുകയാണ്. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തി. പ്രതികളിൽ നിന്നു ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നതിനായി സൈബർഡോം ആരംഭിച്ച 'ഓപ്പറേഷൻ പി-ഹണ്ടി'ന്റെ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‌ഡില്‍ ഇതുവരെ 16കേസുകള്‍ രജിസ്റ്റർ ചെയ്‌തു.