സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (18:49 IST)
സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാര്‍ത്താസമ്മേളത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായുള്ള ഉറപ്പു ലംഘിച്ച മാനേജ്‌മെന്റുകള്‍ക്ക് എതിരെ ആയിരിക്കും നിയമനടപടി സ്വീകരിക്കുക.

ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്കുള്ളവരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മാനേജ്മെന്‍റുകള്‍ സര്‍ക്കാരുമായുള്ള ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, തോട്ടം ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. പത്ത് ഏക്കര്‍ ഭൂമി വരെ മാത്രമെ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളു.

ഒരു ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് ഒഴിവാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 100 കോടി രൂപ നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സൗജന്യചികില്‍സ ലഭ്യമാക്കാനും തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :