ചെറുതോണി|
Rijisha M.|
Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (11:10 IST)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണമാകും എന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. മുൻകരുതലിന്റെ ഭാഗമായാണ് ഒരു ഷട്ടർ തുറന്നത്. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ അമ്പതിനായിരം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132 അടിയായി ഉയർന്നു. 3474 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കോഴിക്കോടിന്റെ മലയോര മേഖലയിലുള്‍പ്പെടെ കനത്തമഴ തുടരുകയാണ്.
വെള്ളിയാഴ്ച വൈകിട്ടോടെ ചെറുതോണി ഡാം തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡാം ശനിയാഴ്ച രാവിലെ തുറക്കാൻ തീരുമാനമായത്.