'സിപിഎം ചതിച്ചു, തെറ്റുതിരുത്തി വന്നാല്‍ സ്വീകരിക്കാം'; ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (11:37 IST)

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം 'വീക്ഷണം'. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്ന് വീക്ഷണം എഡിറ്റോറിയലില്‍ പറയുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്നാണ് വീക്ഷണം മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഎം ചെറിയാന്‍ ഫിലിപ്പിനെ വീണ്ടും വഞ്ചിച്ചു. പലപ്പോഴും നിരാശനായി സിപിഎമ്മിന്റെ
അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവരികയാണ് ചെറിയാന്‍ ഫിലിപ്പിനെന്നും വീക്ഷണത്തില്‍ പരിഹാസം. '2016ല്‍ രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചെങ്കിലും എളമരം കരീമിന് വേണ്ടി തഴഞ്ഞു. ഇത്തവണ രണ്ട് സീറ്റുണ്ടായിട്ടും മുഖ്യമന്ത്രിയുടെ അടുക്കള സംഘത്തിന് വേണ്ടി ചെറിയാനെ വീണ്ടും ഒഴിവാക്കി. വിമതരായ ടി.കെ.ഹംസയേയും ലോനപ്പന്‍ നമ്പാടനെയും കെ.ടി.ജലീലിനെയും സ്വീകരിച്ച് മന്ത്രിയാക്കിയ സിപിഎം ചെറിയാന്‍ ഫിലിപ്പിനോട് കാണിച്ചത് ചിറ്റമ്മ നയമാണ്. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഎം. പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണ് ഇപ്പോള്‍ രാജ്യസഭാ സീറ്റ നല്‍കിയിരിക്കുന്നത്,' വീക്ഷണത്തില്‍ പറയുന്നു.


ചെറിയാന്‍ ഫിലിപ്പിന് സിപിഎം രാജ്യസഭാ സീറ്റ് നല്‍കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഒഴിവ് വരുന്ന രണ്ട് സീറ്റുകള്‍ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ്, സിപിഎം നേതാവ് വി.ശിവദാസ് എന്നിവര്‍ക്കാണ് നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. എന്നാല്‍, താന്‍ പ്രതികരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :