അഭിറാം മനോഹർ|
Last Modified ശനി, 4 ജനുവരി 2020 (15:54 IST)
കേരള
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാധരണ രാഷ്ട്രീയക്കാരെ പോലെയാണ് പ്രതികരിക്കുന്നതെന്നും പ്രവർത്തികൾ അതിരുകടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദവിയുടെ മഹത്വം മനസ്സിലാക്കാതെ ഗവർണർ പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ഭൂരിപക്ഷാഭിപ്രായമാണ് നിയമസഭയിൽ പ്രതിഫലിച്ചതെന്നും ഒരംഗം ഒഴികെ എല്ലാവരും തന്നെ നിയമത്തെ എതിർത്താണ് സംസാരിച്ചതെന്നു പറഞ്ഞ ചെന്നിത്തല. ഗവർണർ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റിനെ പോലെ പ്രവർത്തിക്കുന്നത് ശരിയല്ലെന്നും കേരളത്തിൽ ഇതുവരെയും ഉണ്ടാകാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.
ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ അമ്പതാം വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കവെ സി അച്യുതമേനോൻ സർക്കാറിനെ മുഖ്യമന്ത്രി ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും അത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ചരിത്ര യാഥാർത്ഥ്യങ്ങളെ വിസ്മരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.