ചെന്നൈ മെയിലിൽ യാത്ര ചെയ്ത രണ്ടു പേർ അപകടത്തിൽ പെട്ട് മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 29 മാര്‍ച്ച് 2024 (15:44 IST)
കാസർകോട് : മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള മെയിലിൽ സഞ്ചരിച്ച രണ്ടു പേർ പത്ത് മിനിറ്റിനിടെ നടന്ന പ്രത്യേക സംഭവങ്ങളിൽ തെറിച്ചു വീണും ട്രെയിനിനടിയിൽ പെട്ടും മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് യാത്ര തിരിച്ച ട്രെയിൻ നമ്പർ 12602 നമ്പർ ട്രെയിനിലാണ് സംഭവം നടന്നത്.

ട്രെയിനിൽ യാത്ര ചെയ്ത മംഗളൂരുവിലെ പി.എ.എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി കൂത്തുപറമ്പ് സ്വദേശി രനീം എന്ന പത്തൊമ്പതുകാരനാണ് ട്രെയിനിൽ നിന്ന് തെറിച്ചുവീണു മരിച്ചത്. കുമ്പള സ്റ്റേഷൻ വിട്ടതിനു ശേഷമായിരുന്നു സംഭവം. ബോഗിയുടെ വാതിൽക്കൽ നിന്ന വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീണ വിവരം സഹയാത്രികരാണ് പോലീസിനെ അറിയിച്ചത്.

മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാസർകോട്ടെ ചൗക്കിയിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനടുത്ത് കല്ലങ്കൈ പന്നിക്കുന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.


പത്ത് മിനിറ്റിനുള്ളിൽ നടന്ന രണ്ടാമത്തെ സംഭവത്തിൽ ഒഡീഷ സ്വദേശി സുശാന്ത് എന്ന 41 കാരനാണ് മരിച്ചത്. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ പെട്ടാണ് ഇയാൾ മരിച്ചത്. കാസർകോട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാൻ പുറത്തിറങ്ങിയ ഇയാൾ ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെയാണ് പാളത്തിൽ വീണത്.

ഉടൻ തന്നെ യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയെങ്കിലും മരിച്ചിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാൻ കാർഡിലെ വിവരങ്ങളാണ് തിരിച്ചറിയാൻ സഹായിച്ചത്. മംഗളൂരുവിലെ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരനാണ് ഇയാൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :