ബാര്‍ വിഷയം; മുഖ്യമന്ത്രിക്കെതിരേ ലീഗ് മുഖപത്രം

കോഴിക്കോട്‌| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (09:56 IST)
അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിനെതിരേ ശക്‌തമായ നിലപാടുമായി മുസ്ലീംലീഗിന്റെ മുഖപത്രം ചന്ദ്രിക. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 'ബാറുകള്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കാണ്‌ ചേതം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് ശക്തമായ നിലപാടുകളും ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നത്.

ധാര്‍മ്മികതയുടെ പക്ഷത്തുനിന്ന്‌ ബാറുകള്‍ തുറക്കരുതെന്ന്‌ പറയുന്നതാണ്‌ ശരി. ബാറുകള്‍ തുറക്കാന്‍ കൂട്ടുനില്‍ക്കുന്ന പ്രായോഗിക പക്ഷത്തുളളവര്‍ക്ക്‌ കളളുമുതലാളിമാരുടെ പിന്തുണയുണ്ട്‌. ബാറുകള്‍ തുറന്നില്ലെങ്കില്‍ മദ്യദുരന്തമുണ്ടാവുമെന്ന്‌ ഇവര്‍ പ്രചരിപ്പിക്കുന്നു. ബാറുകള്‍ തുറക്കാന്‍ വേണ്ടി ഒരു മദ്യദുരന്തമുണ്ടായാല്‍ പോലും അത്ഭുതപ്പെടാനില്ല.

മദ്യം വിഷമാണ്‌. അതുണ്ടാക്കരുത്‌, കൊടുക്കരുത്‌, കുടിക്കരുത്‌ എന്ന്‌ ഉപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാര്‍ പോലും ഈ വിഭാഗത്തില്‍ അണിചേര്‍ന്നത്‌ ഖേദകരമാണ്‌ എന്നും ലേഖനത്തില്‍ പറയുന്നു. ബാര്‍വിഷയത്തില്‍ മുഖ്യമന്ത്രി പ്രായോഗിക നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ കെപിസിസി വൈസ്‌പ്രസിഡന്റ്‌ എം എം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ബാര്‍ വിഷയത്തില്‍ സുധീരന്റെ നിലപാടിനെ വിമര്‍ശിച്ച്‌ വെളളാപ്പളളി നടേശന്‍ പലതവണ രംഗത്തുവന്നിരുന്നു.

മദ്യപാനം സാമൂഹിക വിപത്താണെന്ന്‌ ശക്‌തമായി വാദിക്കുന്ന ലേഖനത്തില്‍ ബാറുകള്‍ അടച്ചുപൂട്ടിയ മാര്‍ച്ച്‌ മുതല്‍ സാമൂഹിക ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നും അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞുവെന്നും പറയുന്നു. 80 ശതമാനം വിവാഹമോചനങ്ങള്‍ക്കും 40 ശതമാനം റോഡപകടങ്ങള്‍ക്കും കാരണം മദ്യമാണ്‌. കേരളത്തിലെ 74 ശതമാനം കുട്ടികളും ലഹരിയുപയോഗിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ഒറ്റയടിക്ക് മദ്യം നിരോധിക്കുക എന്നത് പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മദ്യ ലഭ്യത ഇല്ലാതാക്കി മദ്യ ഉപഭോഗത്തിന്റെ അളവു കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാറിനാകും. ഈ ലക്ഷ്യത്തിലേക്കുള്ള ക്രിയാത്മകമായ ആദ്യ ചുവടുവെപ്പായിരുന്നു ബാറുകളുടെ അടച്ചുപൂട്ടല്‍. കള്ളുമുതലാളിമാരുടെ പണസഞ്ചിയില്‍ കണ്ണുവെച്ച് ബാറിന് അനുമതി നല്‍കാന്‍ ഒരുമ്പെടുന്നവര്‍ മൂല്യവത്തായ ഒരു തീരുമാനത്തിന്റെ കടയ്ക്കലാണ് കത്തിവെക്കുന്നത്. ഗാന്ധിയാണോ മല്ല്യയാണോ വേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവസരം കൂടിയായി വേണം ഇപ്പോളിതിനെ കാണാന്‍ എന്നു ചൂണ്ടിക്കാട്ടിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :