ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി

തൃശൂർ| JOYS JOY| Last Modified വ്യാഴം, 21 ജനുവരി 2016 (12:06 IST)
തൃശൂര്‍ ശോഭ സിറ്റിയില്‍ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ച് കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി. പൊതുമേഖല സ്ഥാപനമായ ഔഷധിയിൽ എൽ ഡി ടൈപ്പിസ്റ്റായാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ചന്ദ്രബോസ് വധക്കേസിൽ നിസാം കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് ജമന്തിക്ക് ജോലി നല്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.

ചന്ദ്രബോസ് മരണമടഞ്ഞ ഉടന്‍ തന്നെ, അദ്ദേഹത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കെ എസ് എഫ് ഇയില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും വിദ്യാഭ്യാസയോഗ്യത തടസ്സമാകുകയായിരുന്നു.

തൃശൂരിലെ ഔഷധിയില്‍ ജോലി നല്‍കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ ചെയര്‍മാന്‍ ജോണി നെല്ലൂർ അറിയിച്ചിരുന്നു. എന്നാല്‍ അതും വൈകിയപ്പോള്‍ ബാബു എം പാലിശേരി എം എല്‍ എ ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും ഔഷധിയുടെ ജില്ല ഓഫീസില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നല്കിയതായി മുഖ്യമന്ത്രി അറിയിക്കുകയുമായിരുന്നു.

നിലവില്‍, ജമന്തി വീടുകളില്‍ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ചന്ദ്രബോസിന്റെ കുടുംബം കഴിഞ്ഞിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :