കലാഭവൻ മണിയുടെ ഔട്ട്ഹൗസിൽ അതിഥിസല്‍ക്കാരത്തിനായി ചാരായം ഉപയോഗിക്കാറുണ്ടെന്ന് മൊഴി

പ്രത്യേക അതിഥികളെത്തുമ്പോള്‍ ചാരായം കൊണ്ടുവരാറുണ്ടെന്ന് നാട്ടുകാരും സുഹൃത്തുക്കളും മൊഴിനൽകി

ചാലക്കുടി, കലാഭവന്‍ മണി, ചാരായം, പൊലീസ്, മരണം chalakkudi, kalabhavan mani, rak, police, death
ചാലക്കുടി| Sajith| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (08:49 IST)
അന്തരിച്ച നടന്‍ കലാഭവൻ മണിയുടെ ഔട്ട് ഹൗസിൽ ചാരായം ഉപയോഗിച്ചതിന് തെളിവ് ലഭിച്ചു. പ്രത്യേക അതിഥികളെത്തുമ്പോള്‍ ചാരായം കൊണ്ടുവരാറുണ്ടെന്ന് നാട്ടുകാരും സുഹൃത്തുക്കളും മൊഴിനൽകി. മണിയുടെ സഹായികളായിരുന്നു ഇതിന് നേതൃത്വം നൽകിയിരുന്നത്. എന്നാൽ മണി ചാരായം കുടിക്കാറില്ലെന്നും ഇവർ പറഞ്ഞു. രാസപരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന.

അതേസമയം, കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസിൽ മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ കസ്റ്റഡിയിലെടുത്ത ഇവരെ ഇപ്പോഴും ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരായിരുന്നു. തെളിവ് നശിപ്പിച്ചതായും മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചിരുന്നു.

കുടുംബത്തിന്റെ സംശയങ്ങൾ പൊലീസിനെ ബോധ്യപ്പെടുത്തും. രാസപരിശോധനാ ഫലം പുറത്തുവന്നതിനുശേഷം കേസിൽ പരാതി നൽകുമെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. മിഥൈൽ ആൽക്കഹോൾ കണ്ടെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം. രാസപരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി അറിയില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :