മിനിട്ടുകളുടെ ഗ്യാപ് ഇനി പ്രശ്‌നമാകില്ല, സംസ്ഥാനമൊട്ടാകെ ബസ് സമയപ്പട്ടിക ഡിജിറ്റലാക്കുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (16:03 IST)
സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സിഡിറ്റിന്റെ സഹായത്തോടെയാണ് സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതെന്നും ഇതിനുള്ള നടപടികള്‍ അടുത്തമാസം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഏതൊക്കെ സമയത്ത് പുതിയ പെര്‍മിറ്റ് അനുവദിക്കാനാകുമെന്ന് എളുപ്പത്തിൽ തന്നെ കണ്ടെത്താൻ സാധിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ നടപടികളെന്നാണ് റിപ്പോർട്ട്.

അതേസമയം സമയപ്പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്. നിലവിൽ 14,000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. സമയപ്പട്ടികയെ ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :