കൈക്കൂലി : ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (20:10 IST)
കോട്ടയം: ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിലായി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സുമേഷാണ് വിജിലൻസിന്റെ പിടിയിലായത്.

എയ്ഡഡ് സ്‌കൂളിന്റെ ലിഫ്റ്റ് സുരക്ഷാ പരിശോധനയുടെ പേരിൽ കൈക്കൂലി വാങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇതിനായി പതിനായിരം രൂപയായിരുന്നു മാനേജരോട് ആവശ്യപ്പെട്ടത്. എന്നാൽ സ്‌കൂൾ മാനേജുമെന്റിന്റെ അനുമതിയില്ലാതെ കൈക്കൂലി നൽകില്ലെന്ന് പറഞ്ഞപ്പോൾ മാനേജുമെന്റുമായി സംസാരിച്ച ശേഷമാണ് സുമേഷ് കൈക്കൂലി തുക കുറച്ചത്. തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് വിജിലന്സുമായി ബന്ധപ്പെട്ടിരുന്നു.

കൈക്കൂലി വാങ്ങാനായി പാലായ്ക്കടുത്തുള്ള പോളിടെക്നിക്കിൽ പരിശോധനയ്‌ക്ക് വരുമ്പോൾ കൈക്കൂലി വാങ്ങിക്കാമെന്നു പറഞ്ഞപ്പോഴാണ് സർക്കാർ വാഹനത്തിൽ സുമേഷ് എത്തിയതും കൈക്കൂലി വാങ്ങിയതും വിജിലൻസ് കൈയോടെ പിടികൂടിയതും. സുമേഷിനെതിരെ കൈക്കൂലി സംബന്ധിച്ച് വ്യാപകമായ പരാതിയാണ് ഉണ്ടായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :