സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 ജനുവരി 2025 (13:26 IST)
ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് വിഐപികള്‍. എന്നാല്‍ ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററിലില്ല. ഇത് സംബന്ധിച്ച് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരം ജയില്‍ ആസ്ഥാനത്ത് ലഭിച്ചു. സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തുമെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക. ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോബിക്ക് ജയിലില്‍ വി ഐപി പരിഗണന ലഭിച്ചതായും ഇതിന്റെ പിന്നില്‍ ജയില്‍ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹണി റോസിനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിയുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തത്. വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ബോബി ചെമ്മണ്ണൂരിന് ഇന്ന് ജാമ്യം ലഭിച്ചേക്കും. പ്രതിയുടെ പരാമര്‍ശങ്ങളില്‍ ഡബിള്‍ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിക്കുന്നതാണല്ലേയെന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഉച്ചയ്ക്ക് കോടതി വിധി പറയും. നിലവില്‍ ഹണി റോസിനെതിരെ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ജയിലില്‍ കഴിയുകയാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍.
ബോബി ചെമ്മണ്ണൂരിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ പറഞ്ഞു. പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ആളാണെന്നും ഇയാള്‍ക്കെതിരായ പോലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതൊന്നും ചോദിച്ചു.