മന്ത്രവാദത്തിന്റെ മറവിൽ വ്യാജ ചികിത്സ : യുവാവ് പിടിയിൽ

പാലക്കാട്| അഭിറാം മനോഹർ| Last Modified ഞായര്‍, 4 ജൂലൈ 2021 (16:12 IST)
പാലക്കാട്: മന്ത്രവാദത്തിന്റെ മറവിൽ വ്യാജ ചികിത്സയും ലൈംഗിക അക്രമവും സ്ഥിരമാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് കറുകപുത്തൂർ പള്ളിപ്പടി ഓടമ്പുള്ളി ഹസ്സൻ തങ്ങൾ എന്ന 34 കാരനാണ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കുടുംബ പ്രശ്നം പരിഹരിക്കാനായി ഹസ്സൻ തങ്ങളുടെ വീട്ടിലെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിർന്നതാണ് ഹസ്സൻ തങ്ങൾക്ക് വിനയായത്.

ഇയാളുടെ വീടിനോട് ചേർന്ന് മന്ത്രവാദത്തിനും വ്യാജ ചികിത്സയ്ക്കുമായി ഒരു പ്രത്യേക മുറി ഒരുക്കിയിരുന്നു. ഇവിടെ വച്ചാണ് ഇയാൾ യുവതിക്ക് നേരെ തിരിഞ്ഞത്. ഭയന്ന യുവതി അവിടെ നിന്നും ഇറങ്ങിയോടി ചാലിശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

പല കാരണങ്ങൾ കൊണ്ട് വേറിട്ട് ജീവിക്കുന്നവരും ഭർത്താവ് ഉപേക്ഷിച്ചവരുമായ സ്ത്രീകളെ തെരഞ്ഞുപിടിച്ചു മാനസ്സിക ചികിത്സയ്ക്ക് എന്ന പേരിൽ ഇവിടെ എത്തിച്ചാണ് ഇയാൾ അതിക്രമം കാട്ടിയിരുന്നത്.

ഇതിനു മുമ്പും ഇയാളെ കുറിച്ച് ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതെ സമയം പത്ത് വര്ഷം മുമ്പ് ഇയാൾക്കെതിരെ സമാനമായ കേസിൽ ചങ്ങരംകുളം പോലീസ് കേസെടുത്തിരുന്നു.

മനുഷ്യാവകാശ കമ്മീഷൻ പ്രവാസി വിംഗ് സ്റേറ് പ്രസിഡന്റ് എന്ന പേരിൽ ഒരു ഐ.ഡി. കാർഡും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം എന്ന വ്യാജേന ബോർഡ് വച്ച വാഹനത്തിലായിരുന്നു ഇയാൾ സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പിടിച്ചെടുത്തു. അനധികൃതമായി ചികിത്സ നടത്തൽ, പീഡനം, അപമര്യാദയായി പെരുമാറാൻ എന്നീ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :