രാത്രി പെട്ടന്ന് കണ്ണ് ചുവന്നു, നേരം വെളുത്തപ്പോള്‍ മുഖം ഒരു വശത്തേയ്ക്ക് കോടി, മദ്യപിച്ചയാളെ പോലെയായി; ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ച അനീഷയുടെ ഭര്‍ത്താവ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 22 മെയ് 2021 (17:34 IST)

കോവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും സംസ്ഥാനത്ത് ഭീതി വിതയ്ക്കുകയാണ്. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷ (32) ബ്ലാക്ക് ഫംഗസ് ബാധയേറ്റാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധയേറ്റ അനീഷ സഹിക്കേണ്ടിവന്നത് വലിയ വേദനയും അസ്വസ്ഥതകളുമാണെന്ന് ഭര്‍ത്താവ് പ്രദീപ് പറയുന്നു.

'എനിക്കും ഭാര്യ അനീഷയ്ക്കും കോവിഡ് സ്ഥിരീകരിക്കുന്നത് മേയ് നാലിനാണ്. കഴിഞ്ഞ നാല് വര്‍ഷമായി കന്യാകുമാരിയിലാണ് ഞങ്ങള്‍. അവിടെയുള്ള ഒരു സ്‌കൂളില്‍ അധ്യാപികയാണ് അനീഷ, ഞാന്‍ അതേ സ്‌കൂളില്‍ തന്നെ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ച് ആദ്യ രണ്ട് ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തിലായിരുന്നു. ആറാം തിയതി അനീഷയ്ക്ക് ശ്വാസതടസം നേരിട്ടു. ഓക്‌സിജന്‍ ലെവല്‍ നന്നായി കുറഞ്ഞു. ഞങ്ങള്‍ നാഗര്‍കോവിലിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടി. മേയ് 12 നാണ് ഞങ്ങളെ ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടിലെത്തി നിരീക്ഷണം തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ രണ്ട് പേര്‍ക്കും ഉണ്ടായിരുന്നില്ല,'പ്രദീപ് വെബ് ദുനിയ മലയാളത്തോട് പറഞ്ഞു.

'മേയ് 12 രാത്രിയോടെയാണ് അനീഷയ്ക്ക് അസ്വസ്ഥതകള്‍ ആരംഭിക്കുന്നതെന്ന് പ്രദീപ് പറയുന്നു. രാത്രിയായപ്പോള്‍ അനീഷയ്ക്ക് നല്ല തലവേദനയുണ്ടായിരുന്നു. കണ്ണിന് വേദനയുണ്ടായിരുന്നു. ഇടയ്ക്കിടെ തലവേദന വരാറുണ്ട്. അതുകൊണ്ട് ഗുളിക കഴിച്ച് കിടന്നു. വലിയ കുഴപ്പമൊന്നും അപ്പോള്‍ ഇല്ല. എന്നാല്‍, മേയ് 13 ന് രാവിലെ പ്രശ്‌നം സങ്കീര്‍ണമായി. പുലര്‍ച്ചെ അഞ്ച് മണിയായപ്പോള്‍ എഴുന്നേറ്റു. അനീഷയ്ക്ക് കണ്ണിന് നല്ല ബുദ്ധിമുട്ടിണ്ടായിരുന്നു. നാക്ക് കുഴഞ്ഞു, മുഖം ഒരു വശത്തേയ്ക്ക് കോടി, സംസാരിക്കുന്നതു മനസിലാകാതെയായി. പ്രഷര്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ മദ്യപിച്ച ആളെ പോലെയായി. ഉടനെ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും അവസ്ഥ കൂടുതല്‍ മോശമായി. വലത് കണ്ണ് നീര് വന്നു വീര്‍ത്തു. കണ്ണില്‍ കൊഴുത്ത പാട പോലെ എന്തോ വന്നു. വേദനകൊണ്ട് പുളയാന്‍ തുടങ്ങി. പെട്ടന്ന് തന്നെ ഐസിയുവിലേക്ക് മാറ്റി. ഷുഗര്‍ പരിശോധിച്ചപ്പോള്‍ 520 ! പ്രമേഹം വളരെ വലിയ രീതിയില്‍ അപ്പോഴേക്കും ഉയര്‍ന്നിരുന്നു,'

ചെറുപ്പക്കാര്‍ ആയതിനാല്‍ ഷുഗറിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്ന് പ്രദീപ് പറയുന്നു. അനീഷ ഇതുവരെ ഷുഗറിന്റെ ലക്ഷണങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ കാണിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.

കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ കിഡ്‌നിക്ക് വീക്കമുണ്ടെന്നും മൂത്രത്തില്‍ ഉപ്പിന്റെ അംശം കൂടുതലാണെന്നും മനസിലായി. അപ്പോഴും കോവിഡ് പോസിറ്റീവ് ആയിരുന്നു. 13-ാം തിയതി രാത്രിയാണ് ബ്ലാക്ക് ഫംഗസ് ആണെന്ന് കണ്ടെത്തുന്നത്. അപ്പോഴേക്കും അവസ്ഥ വളരെ മോശമായി. പരിശോധിക്കാന്‍ എടുത്ത രക്തത്തിന്റെ നിറം ഏതാണ്ട് കറുപ്പ് പോലെയായിരുന്നു. ഫംഗസ് ശരീരത്തില്‍ പൂര്‍ണമായി ബാധിച്ചെന്ന് അപ്പോഴാണ് മനസിലായത്. രക്തം പോകുന്നിടത്തെല്ലാം ഫംഗസ് ബാധയുണ്ടായിരുന്നു. ഹൃദയത്തെയും കിഡ്‌നിയെയും ബാധിച്ചു. രക്ഷപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയായി. കിഡ്‌നിക്ക് പ്രശ്‌നമുള്ളതുകൊണ്ടും ഷുഗര്‍ ഹൈ ലെവലില്‍ നില്‍ക്കുന്നതുകൊണ്ടും വീര്യം കൂടിയ മരുന്നുകള്‍ കൊടുക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോസ് കുറച്ച് മരുന്ന് നല്‍കി ഷുഗര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. ഇന്‍സുലിന്‍ നല്‍കി. ഷുഗര്‍ 230 ലേക്ക് എത്തി. എന്നാല്‍, പിന്നെയും ഉയര്‍ന്നു. ജീവന്‍ തിരിച്ചുകിട്ടില്ലെന്ന സ്ഥിതിയായെന്നും പ്രദീപ് പറയുന്നു.

'പ്രഷറും കൊളസ്‌ട്രോളും എല്ലാം നോര്‍മല്‍ ആയിരുന്നു. പ്രമേഹവും കിഡ്‌നിയുടെ പ്രശ്‌നവും വെല്ലുവിളിയായിരുന്നു. മേയ് 16 ആകുമ്പോഴേക്കും വളരെ മോശം അവസ്ഥയിലേക്ക് എത്തി. അടിയന്തര ചികിത്സ കിട്ടുന്ന ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. മേയ് 17 നാണ് തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുവന്നത്. ഷുഗര്‍ 300 നും 400 നും ഇടയിലായി തുടരുകയായിരുന്നു. പലപ്പോഴും അതിവേദന കാരണം അനീഷ വയലന്റ് ആകുന്ന അവസ്ഥയിലായി. പിടിച്ചാല്‍ കിട്ടില്ല. അത്രയും അസ്വസ്ഥത കാണിച്ചിരുന്നു. ഞാന്‍ നേരിട്ടുകണ്ടതാണ്. കണ്ണിന്റെ വേദനെ സഹിക്കാന്‍ പറ്റിയിരുന്നില്ല. നമ്മള്‍ ഉദ്ദേശിക്കുന്നതിലും വേഗത്തിലാണ് ബ്ലാക്ക് ഫംഗസ് ശരീരത്തില്‍ മുഴുവന്‍ പടര്‍ന്നുപിടിക്കുന്നത്. ഒടുവില്‍ മരണത്തിനു കീഴടങ്ങി !,' പ്രദീപ് പറഞ്ഞു.

കോവിഡ് വരുന്നവരോട് പ്രദീപിന് ഒരു കാര്യം അഭ്യര്‍ഥിക്കാനുണ്ട്. പ്രായവ്യത്യാസമൊന്നും ഇല്ലാതെ എല്ലാവരും പ്രമേഹം ടെസ്റ്റ് ചെയ്യണമെന്നാണ് പ്രദീപ് പറയുന്നത്. സ്റ്റിറോയ്ഡ് പോലെയുള്ളവ പ്രമേഹത്തിന്റെ അളവ് പെട്ടന്ന് കൂട്ടും. അതുകൊണ്ട് സ്റ്റിറോയ്ഡ് എടുക്കും മുന്‍പ് പ്രമേഹം എങ്ങനെയാണെന്ന് പരിശോധിക്കേണ്ടതാണെന്നും പ്രദീപ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :