അമിത് ഷാ ശബരിമലയിലേക്ക്, മണ്ഡലകാലത്ത് അയ്യപ്പനെ ദർശിക്കും

അപർണ| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (07:50 IST)
ബിജെപി പ്രസിഡന്റ് അമിത് ഷാ ശബരിമലയിലേക്ക്. ഈ മണ്ഡലകാലത്തു സന്ദർശിക്കാനാണ് അമിത് ഷായുടെ നീക്കം. രണ്ടു ദിവസത്തെ കേരളസന്ദർശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മിൽ ഇക്കാര്യം ധാരണയായി.

സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ കണ്ണൂരിൽ നടത്തിയത്. ശബരിമല വിഷയത്തെ തീർത്തും രാഷ്ട്രീയമായി തന്നെയാണ് കേന്ദ്ര നേതൃത്വവും കാണുന്നത് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം.

കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായിട്ട് വിഷയത്തെ അവർ സ്വീകരിച്ച് കഴിഞ്ഞു. ശിവഗിരിയിൽ വച്ച് അമിത് ഷാ ആവശ്യപ്പെട്ടിട്ടും സമരത്തിൽ സഹകരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ തിരിച്ചടിച്ചതിനു തുഷാറിനെ കൂടെ നിർത്തി മറുപടി നൽകാനാണു തീരുമാനം.


ശബരിമല കർമസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായെ പ്രത്യേകം സന്ദർശിച്ചു. സിപിഎം സഹയാത്രികരായിരുന്ന ഇപ്പോഴത്തെ പന്തളം കൊട്ടാരം പ്രതിനിധികൾ സംരക്ഷണം തേടി ബിജെപി പ്രസിഡന്റിനെ കാണാനെത്തിയതു നേട്ടമായി സംസ്ഥാന നേതാക്കൾ കാണുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :