അധ്യക്ഷനാകാന്‍ വടം വലി തുടങ്ങി, ബിജെപി കേരള ഘടകം പൊട്ടിത്തെറിയിലേക്ക്

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (17:25 IST)
സംഘടനാ പുനഃസംഘടനയ്ക്ക് സമയമായതോടെ കേരളത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വടം‌വലി തുടങ്ങി. ബിജെപിയിലെ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മില്‍ രഹസ്യമായ വടംവലികള്‍ തുടങ്ങിയതായാണ് വിവരം. പുനഃസംഘടന മാറ്റിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം സ്വന്തം അക്കൌണ്ടിലാക്കാനാണ് ഇപ്പോഴത്തെ അധ്യക്ഷന്‍ വി. മുരളീധരനും അനുയായികളും തയ്യാറെടുക്കുന്നത്.

ഇതിനെതിരെ കടുത്ത എതിര്‍പ്പുമായാണ് കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നിരിക്കുന്നത്. പ്രശ്നം രൂക്ഷമാണെന്നാണ് വിവരങ്ങള്‍. തര്‍ക്കം പരസ്യമായ പ്രസ്താവനകളിലേക്കെത്താതിരിക്കാന്‍ ആര്‍‌എസ്‌എസ് നേതൃത്വം പാര്‍ട്ടി സംവിധാനത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്.
രണ്ടു ടേം പൂര്‍ത്തിയാക്കിയ വി. മുരളീധരന്‌ സ്വാഭാവിമായി ഈ പുനഃസംഘടനയില്‍ സ്‌ഥാനംചലനം ഉണ്ടാകും.

അതിനാലാണ് ഇത് നീട്ടിവയ്ക്കാന്‍ മുരളീധരനും കൂട്ടരും ശ്രമിക്കുന്നത്. പുനഃസംഘടന നടന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്ക് സമയം പോരാതെ വരുമെന്നും ഇത് തിരിച്ചടിയാകുമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഇതിനെ കൃഷ്‌ണദാസ്‌ പക്ഷം ശക്‌തമായി എതിര്‍ക്കുന്നുണ്ട്‌. നിയമസഭാതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ പാര്‍ട്ടിയില്‍ പുനഃസംഘടനയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കുമെന്നാണ് കൃഷ്ണദാസ് പക്ഷം പ്രചരിപ്പിക്കുന്നത്.

എന്നാല്‍ അന്തിമ തീരുമാനം ആര്‍‌എസ്‌എസ് നേതൃത്വത്തിനാണ്. പാര്‍ട്ടി സംവിധാനത്തില്‍ ബൂത്ത് തലം മുതല്‍ ആര്‍‌എസ്‌എസ് പിടിമുറുക്കിക്കഴിഞ്ഞതായാണ് വിവരം. ആര്‍‌എസ്‌എസിന്റെ ഓരോ ശാഖയിലേയും നേതൃത്വമാണ് ബൂത്ത് തലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊണ്ടുവന്ന ഈ രീതി നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ ആര്‍‌എസ്‌എസ് ദേശീയ നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്.

ഫലത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഇപ്പോള്‍ മുരളീധരനോ കൃഷ്ണദാസിനോ അല്ല. എന്താണ് നടക്കേണ്ടത് എന്ന് സംസ്ഥാനത്തെ ആര്‍‌എസ്‌എസ് നേതൃത്വമാണ് തീരുമാനിക്കുക. അതിനിടെയാണ് അനാവശ്യമായ അധികാര വടംവലി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്.

ഇതോടൊപ്പം വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന സമത്വമുന്നേറ്റ യാത്രയും ബിജെപിക്കുള്ളില്‍ പുതിയ അസ്വസ്‌ഥതതകള്‍ വിതച്ചിട്ടുണ്ട്‌. നേരത്തെ സൂചനയുണ്ടായിരുന്നതുപോലെ മൂന്നാംമുന്നണിയെ വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന നിലയുണ്ടാകുമോയെന്ന സംശയമാണ്‌ ബിജെപിയിലുണ്ടാക്കിയിട്ടുള്ളത്‌. എന്നാല്‍ ഇതൊന്നും ആര്‍‌എസ്‌എസ് മുഖവിലക്കെടുത്തിട്ടേയില്ല.

നിയമസഭയില്‍ പരമാവധി ബിജെപി അംഗങ്ങളെ എത്തിക്കുക എന്നതിനായി വിട്ടുവീഴ്ചകള്‍ക്ക് ആര്‍‌എസ്‌എസ് സന്നദ്ധമാണു താനും. അധ്യക്ഷ സ്ഥാനത്തിനായി തര്‍ക്കം മുറുകുന്നതിനിടയില്‍ പുതിയ സംസ്‌ഥാന അധ്യക്ഷനായി എം.ടി. രമേശ്‌, കെ.പി. ശ്രീശന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ്‌ പട്ടികയിലുള്ളത്. രമേശിനും ശോഭാ സുരേന്ദ്രനും ആര്‍‌എസ്‌എസിന്റെ പിന്തുണയുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :