പക്ഷിപ്പനി: നിരണത്ത് 4081 താറാവുകളെ കൊന്നൊടുക്കും

പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജ്ജിതമാക്കുവാന്‍ പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്ന ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കും മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്

രേണുക വേണു| Last Modified തിങ്കള്‍, 13 മെയ് 2024 (20:25 IST)

പക്ഷിപ്പനിയുടെ കൂട്ടമരണം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരണം സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ നാളെ മുതല്‍ 4081 താറാവുകളെ ദയവധത്തിന് വിധേയമാക്കും. ഫാമിലെ താറാവുകളുടെ സംശയാസ്പദമായ മരണത്തെത്തുടര്‍ന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബറട്ടറിയിലെ സാമ്പിള്‍ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ തന്നെ താറാവുകളെ ദയാവധം നടത്തി കൂട്ടത്തോടെ ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണത്തോടെ കള്ളിങ്ങ് എന്ന ദയാവധം നടപടികള്‍ നാളെ തന്നെ ആരംഭിക്കുവാന്‍ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍ദ്ദേശം നല്‍കി. ഇതിനായി ആറോളം ദ്രുതകര്‍മ്മസേനയെ ഫാമില്‍ വിന്യസിച്ചിട്ടുണ്ട്.

പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജ്ജിതമാക്കുവാന്‍ പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്ന ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കും മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്തകാലത്ത് അമേരിക്കയില്‍ പശുക്കളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ ഫാമുകളിലും കര്‍ഷക കാലി സംരംഭങ്ങളിലും തീവ്ര പരിശോധനകളും നിരീക്ഷണങ്ങളും നടത്തണമെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അസാധാരണമാം വിധം പക്ഷികളുടെ മരണമോ ദേശാടന പക്ഷികളുടെ മരണമോ ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള ഗവ. മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണ്. ഇതോടൊപ്പം വകുപ്പിന് കീഴിലുള്ള വിവിധ കോഴി,താറാവ് ഫാമുകളിലെ സ്ഥിതിഗതികളും തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രി വിലയിരുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :