വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 7 മാര്‍ച്ച് 2020 (13:36 IST)
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും, പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴികോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴിഫാമിലെയും വെങ്ങേരിയിലെ വീട്ടിലെയും പക്ഷികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് കളക്ട്രേറ്റിൽ ഉന്നതതല യോഗം ചേർന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ ഒരുകിലോമീറ്റർ ചുറ്റളവിലൂള്ള എല്ലാ വളർത്തുപക്ഷികളെയും കൊല്ലാൻ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്.
പത്ത് കിലോമീറ്റർ പരിധിയിൽ ജാഗ്രത പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ കോഴിക്കടകളും ഫാമുകളും അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. കൊടിയത്തീരിലെ ഫാമിലെയും, വെങ്ങേരിയിലെ വീട്ടിലെയും പക്ഷികൾ കൂട്ടത്തോടെ ചത്തതോടെ മൃഗസംരക്ഷണ വകുപ്പ് സാംപിളുകൾ ഭോപ്പാലിൽ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ചംഗങ്ങൾ വീതമുള്ള 25 ടീമുകളെ മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കി.
12 ടീമുകൾ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും. 13 ടീമുകൾ കൊടിയത്തൂർ മേഘലയിലും പ്രവർത്തിക്കും. മരത്തിലെ കൂടുകളും മുട്ടകളും നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊടിയത്തൂരിലെ ഫാമിൽ 2000 കോഴികളാണ് രോഗത്തെ തുടർന്ന് ചത്തത്. ദേശാടന പക്ഷികളിൽനിന്നുമാകാം പക്ഷിപ്പനി പടർന്നത് എന്നാണ് പ്രാഥമിക നിഗമനം