അടുത്ത പടത്തിൽ ഒരു വേഷമുണ്ടെന്ന് അനിൽ, വേണ്ടെന്ന് ബിനീഷ് ബാസ്റ്റിൻ!

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 1 നവം‌ബര്‍ 2019 (14:23 IST)
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പുതിയ പ്രതികരണവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. തന്റെ പ്രവൃത്തിയിൽ ബിനീഷിനു എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും തന്റെ അടുത്ത പടത്തിൽ ഒരു ചാൻസ് നൽകുമെന്നും സംവിധായകൻ പറഞ്ഞിരുന്നു.

എന്നാൽ, തനിക്ക് ആ വേഷം വേണ്ടെന്നും ഈ വിഷയത്തിൽ കൂടെ നിന്ന ജനങ്ങൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യില്ലെന്നും ബിനീഷ് പറയുന്നു. എന്നോട് ഇതുവരെ അദ്ദേഹം മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. എന്നാൽ, ഈ അവസരത്തിൽ എന്തുകൊണ്ടായിരുന്നു അങ്ങനെയൊരു പെരുമാറ്റം എന്നത് മനസിലാകുന്നില്ല എന്നും ബിനീഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

‘അനില്‍ രാധാകൃഷ്ണ മേനോനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ്. കൂട്ടുകാരോടുപോലും നല്ലത് മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളൂ. എവിടെവച്ചു കണ്ടാലും ചിരിക്കുന്ന വന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹവുമായൊരു വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത് മൂന്നാല് മാസത്തിനു മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോ ആണ്.‘

‘ഞാന്‍ സത്യസന്ധതയുള്ള ആളാണ്. ഇന്നലെ ഉറങ്ങിയിട്ടില്ല. ഞാന്‍ അനിലേട്ടന്റെ പടത്തില്‍ ചാടിക്കയറി അഭിനയിക്കില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ. അവര്‍ക്കും കൂടി ഇഷ്ടപ്പെടുന്ന തീരുമാനമേ ഞാന്‍ എടുക്കൂ. ഒരുകാര്യത്തിലും അനിലേട്ടനെ ദ്രോഹിക്കാന്‍ പോകുന്നില്ല. ഇതുവരെ ദ്രോഹിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരനായ ഒരാളുടെ കൂടെ വേദി പങ്കിടില്ലെന്നു പറഞ്ഞത്, അത് അറിയണം.‘- ബിനീഷ് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :