തൃക്കാക്കര|
JOYS JOY|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (14:10 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍
തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് ബെന്നി ബഹനാന്‍. കെ പി സി സി അധ്യക്ഷന് താല്പര്യമില്ലാതെ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി. മത്സരരംഗത്തു നിന്നു കൊണ്ടുള്ള പിന്മാറ്റം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബെന്നി ബഹനാന്‍ ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നിയമസഭയില്‍ അംഗമായിരുന്ന തനിക്ക് നിയമസഭയ്ക്ക് അകത്തോ പുറത്തോ നിന്ന് ഒരു ആരോപണം കേള്‍ക്കേണ്ടി വന്നിട്ടില്ല. ഒരു പ്രതിപക്ഷനേതാവും തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. കെ പി സി സി നിരീക്ഷകര്‍ പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര. എന്നാല്‍, പ്രസിഡന്റിന് താല്പര്യമില്ലാതെ മത്സരിക്കാനില്ലെന്നും ബെന്നി പറഞ്ഞു. തന്റെ മനസ്സാക്ഷിക്ക് അനുസരിച്ചുള്ള തീരുമാനമാണ് പിന്മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ പി സി സി പ്രസിഡന്റിന്റെ മനസില്‍ മറ്റു പേരുകളുമുണ്ടായിരുന്നു. അദ്ദേഹത്തിന് താല്പര്യമില്ലാതെ മത്സരിക്കാനില്ല. തൃക്കാക്കരയിലേക്ക് സുധീരന്‍ മറ്റു പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ബൂത്തിലും താന്‍ സ്ഥാനാര്‍ത്ഥിയാകും എന്ന രീതിയിലാണ് ചര്‍ച്ചകള്‍ പോയത്. എന്നാല്‍, പാര്‍ട്ടി അധ്യക്ഷന് താല്പര്യമില്ലാതെ മത്സരിക്കില്ല. അതേസമയം, തനിക്കു പകരം ഏത് സ്ഥാനാര്‍ത്ഥി വന്നാലും അവരുടെ വിജയത്തിനായുള്ള സാഹചര്യമാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇടപെട്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ബെന്നി ബഹനാന്റെ പേര് വെട്ടി എന്ന വാര്‍ത്ത വന്നതിനു പിന്നാലെയായിരുന്നു ബെന്നി ബഹനാന്റെ പിന്മാറ്റം.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം