ബാർകോഴക്കേസ്; അന്തിമ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് വിജിലൻസ്

കൊച്ചി| VISHNU N L| Last Modified വ്യാഴം, 18 ജൂണ്‍ 2015 (16:21 IST)
ബാർകോഴക്കേസിൽ അന്തിമ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. കേസിന്റെ അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി പരിഗണിക്കവെയാണ് എജി കെപി ദണ്ഡപാണിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.

അന്വേഷണം പൂർത്തിയായെന്നും കൃത്യതയോടെ റിപ്പോ‌ർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാഴ്ചയ്ക്കകം വിജിലൻസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനമെടുത്തിട്ടുണ്ട്. ഈ അവസരത്തിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമില്ലെന്നും ഇത്തരമൊരു ഹർജിക്ക് നിലവിൽ പ്രസക്തിയില്ലെന്നും എജി കോടതിയിൽ പറഞ്ഞു.

നേരത്തെ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം 31 ന് സമർപ്പിക്കുമെന്നായിരുന്നു വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും തെളിവായ സിഡിയുടെ പരിശോധന, നുണപരിശോധന എന്നിവ നടത്തേണ്ടതുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

വിജിലൻസിനെ സിബിഐ മാത്യകയിൽ സ്വതന്ത്ര സംവിധാനമാക്കണമെന്ന് കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ അന്വേഷണ സംവിധാനത്തെയും കോടതി വിമർശിച്ചു. സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ലെന്നും പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലൻസ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ.ടി. മോഹനൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :