സ്‌റ്റിയറിംഗ് കമ്മിറ്റിയില്‍ തര്‍ക്കവും വാദപ്രതിവാദവും; ഒടുവില്‍ മാണി വഴങ്ങി

ബാര്‍ കോഴക്കേസ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെഎം മാണി , ഹൈക്കോടതി , സ്‌റ്റിയറിംഗ് കമ്മിറ്റി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (16:19 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ധനമന്ത്രി കെഎം മാണിയുടെ രാജി വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. രാജിവെക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്ന മാണിയെ പിജെ ജോസഫ് വിഭാഗം തള്ളിയതോടെയാണ് യോഗത്തില്‍ തര്‍ക്കവും വാദപ്രതിവാദവും അരങ്ങേറിയത്.

മാണി രാജിവെക്കുകയാണെങ്കില്‍ താനും രാജിവെക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ യോഗത്തിന്റെ തുടക്കം തന്നെ വ്യക്തമാക്കി. എന്നാല്‍, രാജി വിഷയത്തില്‍ ജോസഫ് വിഭാഗത്തിന്റെ തീരുമാനം മാണിക്കെതിരായിരുന്നു. ജോസഫ് വിഭാഗത്തിനായി സംസാരിച്ചത് ജോസഫ് വിഭാഗത്തിനായി സംസാരിച്ച മോന്‍‌സ് ജോസഫ് എംഎല്‍എ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്നും യോഗത്തില്‍ തുറന്നു പറഞ്ഞതോടെ കളം ചൂടു പിടിക്കുകയായിരുന്നു. ഇതോടെ മാണി യോഗത്തില്‍ നിന്ന് രണ്ടുതവണ പുറത്തേക്ക് പോകുകയും ഫോണില്‍ സംസാരിക്കുകയും ആയിരുന്നു.

യോഗത്തിലേക്ക് തിരിച്ചെത്തിയ മാണി താന്‍ രാജിവെക്കുകയാണെങ്കില്‍ ജോസ്‌ഫ് കൂടി രാജിവെക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, ആ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലെന്നും രാജി വെക്കില്ലെന്നും ജോസഫ് വ്യക്തമാക്കിയതോടെ മാണി സി എഫ് തോമസിനെ പുറത്തേക്ക് വിളിച്ചു കൊണ്ടു പോയി സംസാരിക്കുകയും തുടര്‍ന്ന് രാജി സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഇതിനിടെയില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നയം മാണിയെ ഫോണില്‍ അറിയിക്കുകയും ചെയ്‌തു. ഇതോടെ മാണി വഴങ്ങുകയായിരുന്നു.


തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ് തുടങ്ങിയ നേതാക്കൾ മാണി രാജി വയ്ക്കുന്നതിനെ എതിർത്തു. മാണിയ്ക്കെതിരെ കോടതി പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു. എന്നാൽ, പിസി ജോർജിനെ അനുകൂലിക്കുന്ന വിഭാഗവും രാജി വേണമെന്ന നിലപാടിലായിരുന്നു. രാജി ഇല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലെന്നു ജോസഫ് തുറന്നടിച്ചതോടെ യോഗത്തില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :