ബാബുവിനെതിരെ പ്രത്യേക അന്വേഷണം ഇല്ലെന്ന് വിജിലന്‍സ്

ബാര്‍കോഴ കേസ് , കെ ബാബു , ബിജു രമേശ് , എക്സൈസ് , ബാര്‍ ലൈസന്‍സ് ഫീസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (14:13 IST)
ബാര്‍ ലൈസന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് കോഴ ആരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ ഉടനടി പ്രത്യേക അന്വേഷണം വേണ്ടെന്നു വിജിലന്‍സ് തീരുമാനിച്ചു. നിലവിലുള്ള അന്വേഷണത്തോടൊപ്പം ഇക്കാര്യവും പരിശോധിക്കാമെന്നാണു വിജിലന്‍സ് നിലപാട്. അതേസമയം ബിജുരമേശ് നല്‍കിയ രഹസ്യമൊഴിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൊഴിയില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടോയെന്നു പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനുശേഷം പ്രത്യേക അന്വേഷണം വേണമോയെന്ന് വിജിലന്‍സ് തീരുമാനിക്കുമെന്നും സൂചനയുണ്ട്.

അതേസമയം, ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടോയെന്ന് പരിശോധിക്കാനായി വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക് വിട്ടുകിട്ടാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് അപേക്ഷ നല്‍കുന്നത്.

ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരുന്ന 30 ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറയ്‌ക്കാന്‍ എക്സൈസ് മന്ത്രി കെ ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്നാണ് ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പ്രധാനം. ബാറുടമ കൃഷ്ണദാസ് വഴിയായിരുന്നു ബാബുവിന്റെ 10 കോടി ഇടപാടെന്നും ആരോപിക്കുന്നു. പുറമെ ബീയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയിയെ ഇടനിലക്കാരനാക്കിയും ബാബു കോടികള്‍ വാങ്ങി. ഹൈക്കോടതിയിലെ ബാര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുടമകള്‍ക്ക് അനുകൂല വിധി ഉണ്ടായാല്‍ അപ്പീല്‍ നല്‍കില്ലെന്നും ബാബു ഉറപ്പു നല്‍കിയെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെഎം മാണി എന്നിവര്‍ക്കും പണം നല്‍കിയതായി അദ്ദേഹം പറഞ്ഞു.


വിജിലന്‍സിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും. മാണിക്കനുകൂലമായി കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ഒരുവിഭാഗം വിജിലന്‍സിനുമേല്‍ പിടിമുറുക്കിയിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും അതിനാല്‍ മാസ്റ്റര്‍ ടേപ്പ് കൈമാറാനാകില്ലെന്നും ബിജു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്‌ക് വിട്ടുകിട്ടാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :