ചെന്നിത്തലയോട് സംസാരിക്കാന്‍ പോലും മാണിക്ക് താല്‍പ്പര്യമില്ല; കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും ഫോണില്‍ വിളിച്ചുവെങ്കിലും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ തണുത്തില്ല

ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ചെന്നിത്തലയായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ്

km mani , UDF meeting , bar case , rameh chennithala , യുഡിഎഫ് യോഗം , കെ എം മാണി , ചെന്നിത്തല
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 25 ജൂലൈ 2016 (18:50 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍‌വിക്ക് ശേഷം ചേര്‍ന്ന നിര്‍ണായകമായ യുഡിഎഫ് യോഗത്തില്‍ നിന്നും

വിട്ടുനിന്ന കേരളാ കോണ്‍ഗ്രസും (എം‌) കടുത്ത നിലപാടുകള്‍ എടുക്കുന്നതായി സൂചന. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും എംഎല്‍എയുമായ കെഎം മാണിയെ പങ്കെടുപ്പിക്കാനും അദ്ദേഹത്തെ തണുപ്പിക്കാനായി പ്രതിപക്ഷ നേതാവ് രമേശ് നടത്തിയ ശ്രമം പാളി.

രമേശ് ചെന്നിത്തല കെഎം മാണിയെ ഫോണില്‍ വിളിച്ചുവെങ്കിലും സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മാണി സംസാരിച്ചുവെങ്കിലും യോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. അതേസമയം, പിജെ ജോസഫ് തലസ്ഥാനത്തു തന്നെ ഉണ്ടായിട്ടും യോഗത്തിലെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതും കേരളാ കോണ്‍ഗ്രസിന്റെ കടുത്ത തീരുമാന പ്രകാരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തോല്‍‌വിക്ക് കാരണമായത് കോണ്‍ഗ്രസ് കാലുവാരിയതാണെന്ന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ജെ ഡി യു ആവശ്യപ്പെട്ടു. എന്നാല്‍, അങ്ങനെ ഒരു റിപ്പോര്‍ട്ട് ഇല്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരനറ്റെ മറുപടി. നിയമസഭ തെരഞ്ഞെടുപ്പിലെ നേമത്ത് വോട്ട് ചോര്‍ന്ന വിഷയം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യാനും ജെ ഡി യുവിനോട് യു ഡി എഫ് യോഗം ആവശ്യപ്പെട്ടു.



മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഇന്നു യോഗം വിളിച്ചത്. തർക്കങ്ങൾ മാറ്റിവച്ചു പ്രതിപക്ഷം എന്ന നിലയിൽ യോജിച്ചുനീങ്ങുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് മുതലാണ് കേരള കോണ്‍ഗ്രസ് എം ഈ വിഷയത്തില്‍ നിലപാട് കടുപ്പിച്ചത്. കെപിസിസി പ്രസിഡന്റ്
വിഎം സുധീരനും രമേശിന്റെയും ഉമ്മന്‍ ചാണ്ടിയുടേയും നടപടിയെ വിമര്‍ശിച്ചിരുന്നു.

ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രമേശ് ചെന്നിത്തലയായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിഛായ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ യോഗത്തില്‍ നിന്ന് മാണി വിട്ടു നില്‍ക്കുന്നതെന്നാണ് സൂചന.

പ്രതിഛായയില്‍ വ്യക്തമാക്കിയത്:-

ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് ചെന്നിത്തലയെ മുഖ്യമന്ത്രിയായി അവരോധിക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നീക്കം ശക്തമാക്കിയിരുന്നു. ഈ നീക്കത്തിന് അന്നത്തെ ധനമന്ത്രിയും യുഡിഎഫിലെ പ്രധാനിയുമായ കെഎം മാണി പിന്തുണച്ചിരുന്നില്ല. ഇതിനേത്തുടര്‍ന്നാണ് ബിജു രമേശിനെ ചട്ടുകമാക്കി ചിലര്‍ ബാര്‍ കോഴ ആരോപണം പുറത്തു വിട്ടതെന്നും പ്രതിഛായയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.


ഉമ്മന്‍ചാണ്ടിയെ മാറ്റാനുള്ള നീക്കത്തിന് മാണിയുടെ പിന്തുണയില്ലായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ ചിലര്‍ക്ക് അദ്ദേഹത്തിനോട് വിരോധമുണ്ടായി. ചെന്നിത്തലയ്‌ക്കൊപ്പം കെ ബാബുവും അടൂര്‍ പ്രകാശുമാണ് ഗൂഢാലോചന നടത്തിയത്. ഇവരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചക്ത് ബിജു രമേശ് ആയിരുന്നു എന്നും ലേഖനം പറയുന്നു.

ബാര്‍ കോഴ കേസിലെ നീക്കങ്ങളെല്ലാം രമേശ് ചെന്നിത്തല അറിഞ്ഞുള്ളതായിരുന്നു. ആരോപണം ഉയരുമ്പോള്‍ അദ്ദേഹം അമേരിക്കയിലായിരുന്നു. നാട്ടിലെത്തിയെ ചെന്നിത്തല ചര്‍ച്ചകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ നില്‍ക്കാതെ ത്വരിത പരിശോധനയ്‌ക്ക് ഉത്തരവിടുകയായിരുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :