മകൾക്ക് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചു; അച്ഛൻ ബാങ്കിനുള്ളിൽ കുഴഞ്ഞുവീണു

പത്തനംതിട്ട സീതത്തോട് സ്വദേശി മാത്യുവാണ് നഴ്സിങ് വിദ്യാർഥിനിയായ മകൾക്ക് വായ്പ നൽകാനാകില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണത്.

Last Modified വ്യാഴം, 4 ജൂലൈ 2019 (07:52 IST)
മകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് പിതാവ് ബാങ്കിൽ കുഴഞ്ഞ് വീണു. സീതത്തോട് സ്വദേശി മാത്യുവാണ് നഴ്സിങ് വിദ്യാർഥിനിയായ മകൾക്ക് വായ്പ നൽകാനാകില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണത്. മാത്യുവിനെ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിലെ കോലാറിലുള്ള ശ്രീദേവരാജ യുആർഎസ് കോളേജിൽ ബിഎസ്സി നഴ്സിങ്ങിന് പഠിക്കുന്ന മകൾക്ക് വായ്പ ലഭിക്കാൻ എട്ടുമാസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീതത്തോട് ബ്രാഞ്ചിൽ കയറിയിറങ്ങുകയാണ് മാത്യു. അഡ്മിഷൻ സമയത്ത് ബാങ്ക് വായ്പ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നതായി മാത്യു പറയുന്നു. പിന്നീട് കോളേജിന് അംഗീകാരം ഇല്ലെന്നും ലീഡ് ബാങ്കിനെ സമീപിക്കാനും ബാങ്ക് അധികൃതർ ആവശ്യപ്പെടുകയായിരുന്നുവെന്നും മാത്യു പറഞ്ഞു.

കർണാടക നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരമുണ്ടെന്നും മറ്റ് വിദ്യാർഥികൾക്കെല്ലാം വായ്പ ലഭിച്ചെന്നും ചൂണ്ടിക്കാണിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മകൾ ചിഞ്ചു വ്യക്തമാക്കി. ഫീസ് അടക്കാത്തതിനെ തുടർന്ന് ചിഞ്ചുവിനെ കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു ബാങ്കിലെത്തിയത്. തുടർന്ന് ബാങ്ക് അധികൃതരുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് മാത്യു.

അതേസമയം, വായ്പ നിഷേധിച്ചില്ലെന്നും പഠിക്കുന്ന കോളേജിന്‍റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിദ്യാർഥിനി ഹാജരാക്കിയില്ലെന്നും ഇതു നൽകിയാൽ രണ്ട് ദിവസത്തിനകം വായ്പ നൽകുമെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :