പിള്ളയെ കൂടെ കൂട്ടാമെന്ന് സിപിഎം; സമയമായില്ലെന്ന് സിപിഐ

  ബാലകൃഷ്ണപിള്ള , സിപിഎം , സിപിഐ , കേരളാ കോണ്‍ഗ്രസ് (ബി)
കൊല്ലം| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (12:41 IST)
കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ വ്യത്യസ്ത അഭിപ്രായവുമായി നേതാക്കളായ പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും രംഗത്ത്.

ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം അജന്‍ഡയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയപ്പോള്‍ യുഡിഎഫില്‍ നിന്ന് ആരെയും അടര്‍ത്തിയെടുക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭരണമുന്നണിയിലുള്ളവര്‍ത്തന്നെ അഴിമതിക്കെതിരെ രംഗത്തെത്തുന്നത് അപൂര്‍വമാണെന്നും. യുഡിഎഫില്‍ ഉള്ളവരെല്ലാം അഴിമതിക്കാരാണെന്നും. എന്നാല്‍ അഴിമതിക്കെതിരെ ആരു പ്രവര്‍ത്തിച്ചാലും പിന്തുണയ്ക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ആര്‍ ബാലകൃഷ്‌ണപിള്ളയെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും രംഗത്ത് വന്നിരുന്നു. ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും പിസി ജോര്‍ജിനും ഇടതുമുന്നണിയിലേക്ക് എത്താമെന്നായിരുന്നു ഇരുവരും പ്രസ്താവന നടത്തിയത്. എന്നാല്‍ വിഎസിന്റെ ഈ പ്രസ്താവനയ്ക്കുള്ള മറുപടി ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷം നല്കാമെന്ന നിലപാടിലാണ് പിള്ളയും പിസി ജോര്‍ജും വ്യക്തമാക്കുകയും ചെയ്തു.

അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന് വിഎസ് വ്യക്തമാക്കിയിരുന്നു. ആര്‍ ബാലകൃഷ്‌ണ പിള്ളയും പിസി ജോര്‍ജും ഇപ്പോള്‍ എന്തു പറയുന്നുവെന്നാണ് നോക്കേണ്ടത്. അഴിമതിക്കെതിരായ ഇവരുടെ നിലപാടുകള്‍ പരിശോധിച്ച ശേഷം എല്‍ഡിഎഫ് തീരുമാനം കൈക്കൊള്ളുമെന്നും വിഎസ് പറഞ്ഞു.


കഴിഞ്ഞദിവസം ഇടതുപക്ഷ നേതാവ് തോമസ് ഐസക്കും പിള്ളയ്ക്ക് അനുകൂല നിലപാടുമായി രംഗത്ത് എത്തിയിരുന്നു. പിള്ളയുടെ ഭൂതകാലം നോക്കേണ്ടതില്ലെന്നും ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ പരിഗണിച്ചാല്‍ മതിയെന്നും ആയിരുന്നു തോമസ് ഐസക്കിന്റെ നിലപാട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :