അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ജനുവരി 2024 (15:19 IST)
സൈബര്‍ ലോകത്ത് ദിവസം പ്രതി പല തരത്തിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. അടുത്തിടെയായി വീഡിയോ കോളിലൂടെ പണം തട്ടുന്ന പരാതികള്‍ സംസ്ഥാനത്ത് വ്യാപകമായിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. അപരിചിതര്‍ സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ കോള്‍ ചെയ്യുകയാണെങ്കില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് അറിയിക്കുന്നത്.
ഇത്തരത്തിലുള്ള കോളുകളില്‍ മറുതലയ്ക്കല്‍ സ്ത്രീയോ പുരുഷനോ ആകാം. നഗ്‌നരായാകും ഇവര്‍ നില്‍ക്കുന്നത്. നമ്മള്‍ കോള്‍ സ്വീകരിക്കുന്നതോടെ ഇവര്‍ അത് സ്‌ക്രീന്‍ ഷോട്ടാക്കുകയും അത് പിന്നീട് ബ്ലാക്ക് മെയ്‌ലിംഗിനായി ഉപയോഗിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇത്തരം കോളുകള്‍ സ്വീകരിക്കരുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് അറിയിക്കുന്നു.
കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്.
മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും.
സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും.
ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്.