അഭിറാം മനോഹർ|
Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (16:18 IST)
ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ കിഷന്‍ലാല്‍(27),സാല്‍വര്‍ ലാല്‍(26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്‌കര ഗ്രാമത്തില്‍ നിന്നാണ് ആറ്റിങ്ങല്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടനെ കേരളത്തിലെത്തിക്കും. അജ്മീറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തണ്ടോടിയിലെത്തി സാഹസികമായാണ് ആറ്റിങ്ങല്‍ എസ് ഐ ആദര്‍ശ്,റൂറല്‍ ഡാന്‍സാഫ് എസ് ഐ വിജുകുമാര്‍ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്.
മോഷണത്തിന് പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് രാജസ്ഥാന്‍ വരെയെത്തിയത്. ഉത്സവപറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വില്‍ക്കുവാനെന്ന വ്യാജ്യേനയാണ് ഇവര്‍ കേരളത്തില്‍ അലഞ്ഞുതിരിയുന്നത്. സ്ത്രീകളും കുട്ടികളുമെല്ലാമുള്ള സംഘം റോഡരുകില്‍ ടെന്റ് അടിച്ചാണ് താമസിക്കുന്നത്. ആളൊഴിഞ്ഞ വീടുകള്‍ കണ്ടുവെയ്ക്കുകയും പിന്നീട് കവര്‍ച്ച നടത്തി മോഷണസാധനങ്ങള്‍ നിസാരവിലയ്ക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കുകയുമാണ് ഇവരുടെ രീതി. മാര്‍ച്ച് ഏഴിനാണ് ഇവര്‍ ആറ്റിങ്ങലിലെ ദന്തഡോക്ടറുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നത്.