എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (18:03 IST)
തിരുവനന്തപുരം: ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ശിവന്‍ കുട്ടി തന്നെ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇടം പിടിച്ചു കഴിഞ്ഞു.
ആകെ പത്ത് സീറ്റുകളിലാണ് ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്നത്. എന്നാല്‍ ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ നിലവിലെ എം.എല്‍.എ
മാരുടെ പേര് കൂടി അടങ്ങിയ സാധ്യതാ പട്ടികയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗീകരിച്ചത്.
വി.ശിവന്‍ കുട്ടി നേമത്ത് മത്സരിക്കുമ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവിലും മത്സരിക്കാനാണ് ജില്ലാ സെക്രട്ടറിയറ്റ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതെ സമയം ആറ്റിങ്ങലില്‍ ബി.സത്യന് പകരം ഓ.എസ്.അംബികയുടെ പേരാണുള്ളത്. എന്നാല്‍ അരുവിക്കരയില്‍ കോണ്‍ഗ്രസിലെ കെ.എസ് .ശബരീനാഥിനെതിരെ ജില്ലാ പഞ്ചായത് മുന്‍ പ്രസിഡന്റ് വി.കെ.മധുവാകും സി.പി.എം സ്ഥാനാര്‍ഥി.
ഇതിനൊപ്പം വാമനപുരത്ത് ഡി.കെ.മുരളിയും വര്‍ക്കലയില്‍ വി.ജോയിയും നെയ്യാറ്റിന്‍കരയില്‍ കെ.ആന്‍സലനും പാറശാലയില്‍ സി.കെ.ഹരീന്ദ്രനും മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ കാട്ടാക്കടയില്‍ ഐ.ബി.സതീഷിനാണ് ഇടം ലഭിച്ചത്.