ഇനി ആവര്‍ത്തിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ്; മാപ്പ് പറഞ്ഞ് മാധ്യമപ്രവര്‍ത്തക

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 7 മെയ് 2021 (14:02 IST)

പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഓഫീസിലേക്ക് വിളിച്ച കോട്ടയം സ്വദേശിനിയോട് മാധ്യമപ്രവര്‍ത്തക അപക്വമായി സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ്. സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവുമായ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ചാനല്‍ അറിയിച്ചു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. തങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു വീഴ്ച ഇനി സംഭവിക്കില്ലെന്നും ചാനല്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.

തനിക്ക് വീഴ്ച സംഭവിച്ചതായി ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകയും സമ്മതിച്ചു. ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോണ്‍ കോളുകള്‍ ഓഫീസിലേക്ക് വന്നെന്നും കോവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിങ്ങിനിടെ തുടരെത്തുടതരെ ഇത്തരം വിളികള്‍ക്ക് മറുപടി പറയേണ്ടി വന്നപ്പോള്‍ നിയന്ത്രണം വിട്ട് പ്രതികരിച്ച് പോയതാണെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പ്രതികരണത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയ മാധ്യമപ്രവര്‍ത്തക പറഞ്ഞു.


നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു പിന്നാലെ പശ്ചിമ ബംഗാളില്‍ വന്‍ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളുമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ വേട്ടയാടി ആക്രമിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

ബംഗാളിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഒരു സ്ത്രീ ചാനല്‍ ഓഫീസിലേക്ക് വിളിച്ചെന്നും ആ വാര്‍ത്ത നല്‍കാന്‍ സൗകര്യമില്ലെന്ന് ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞെന്നും ആരോപണം. ബിജെപി, സംഘപരിവാര്‍ അനുകൂല പത്രമായ ജന്മഭൂമിയാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഓഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

കോട്ടയത്തു നിന്നും വിളിച്ച യുവതി എന്തുകൊണ്ടാണ് ബംഗാളിലെ അക്രമ സംഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് കൊടുക്കാത്തതെന്ന് ചോദിക്കുന്നു. 'ബംഗാളില്‍ സംഘികള്‍ക്ക് അടി കിട്ടുന്നതിനു നമ്മള്‍ ഇവിടെ കിടന്ന് ബഹളം കാണിച്ചിട്ട് കാര്യമില്ലലോ?' എന്ന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ മറുപടി പറയുന്നതായാണ് ഓഡിയോയില്‍ കേള്‍ക്കുന്നത്.

ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും ഈ മാധ്യമപ്രവര്‍ത്തക പറഞ്ഞതായാണ് ജന്മഭൂമി ആരോപിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :