അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (12:11 IST)
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ നിർണായകപങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനിയായ അർജുൻ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ അഭിഭാഷകർക്കൊപ്പമാണ് അർജുൻ ഹാജരായത്.

രാമനാട്ടുകരയിൽ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്കും സ്വർണ്ണം തട്ടിയെടുക്കുന്ന സംഘങ്ങളിലേക്കും നീണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണ്ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ എത്തിയിരുന്നു. സംഭവദിവ്സം അർജുൻ ആയങ്കി കരിപ്പൂരിൽ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു. അര്‍ജുന്‍ എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിലയിൽ കണ്ടെത്തുകയും പോലീസ് എത്തും മുൻപ് അവിടെ നിന്ന് മാറ്റുകയും ചെയ്‌തെങ്കിലും മറ്റൊരിടത്ത് നിന്ന് പോലീസ് കാർ കണ്ടെടുത്തിരുന്നു.

ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അര്‍ജുന്‍ എത്തിയതെന്ന് തെളിഞ്ഞതോടെ പാർട്ടിയും സംഭവത്തിൽ പ്രതിസന്ധിയിലായി. അർജുൻ ആയങ്കി പലതവണ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്കുണ്ട്, എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നീ കാര്യങ്ങളിൽ ചോദ്യം ചെയ്യലോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്ന‌ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :