Aparna shaji|
Last Modified ചൊവ്വ, 10 ജനുവരി 2017 (07:55 IST)
ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനോട് കീഴുദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് രോക്ഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഐ എ എസ് ഉദ്യോഗസ്ഥയര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയിലാണ് എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ചൂടായത്.
'നിങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' എന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ചോദിച്ചെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ സമരം സര്‍ക്കാരിനെതിരെയുള്ള ആയുധമായെന്നും ഈ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയാമെന്ന് യോഗശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്ഥാനത്ത് തുടരണോയെന്നകാര്യത്തില് വിജയാനന്ദ് അടുപ്പമുള്ളവരുമായി സംസാരിച്ചുവരികയാണ്.വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാതിയില്‍ ചീഫ് സെക്രട്ടറി കൊല്ലം ടികെഎം മാനേജ്മെന്റില്‍ അന്വേഷണം നടത്തിയതാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്.
സര്‍വീസിലിരിക്കെ ജേക്കബ് തോമസ് ടികെഎം കോളേജില്‍ അധ്യാപകനായി വേതനം കൈപറ്റിയെന്നാണ് കേസ്. എന്നാല്‍ ശമ്പളം തിരിച്ചടച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മാനേജ്മെന്റില്‍ നിന്നും കടമില്ലെന്ന സര്‍ട്ടിഫിക്കറ്റാണ് ജേക്കബ് തോമസ് ഹാജരാക്കിയതെന്ന പരാതിയില്‍ നല്‍കേണ്ട സത്യവാങ്മൂലത്തിന്റ കൃത്യതയ്ക്കാണ് കേസ് നേരിട്ട് അന്വേഷിച്ചതെന്ന് ചീഫ് സെക്രട്ടറി മറുപടി നല്കി.