തിരുവനന്തപുരം|
Last Modified ബുധന്‍, 28 മെയ് 2014 (13:18 IST)
ആറന്മുളയിലെ കെജിഎസ് ഗ്രൂപ്പിന്റെ വിമാനത്താവളത്തിന് അനുമതി റദ്ദാക്കി ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി വന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തെ പിന്തുണച്ചിരുന്ന കൈ കഴുകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധിച്ച് എക്സൈസ് മന്ത്രി കെ ബാബുവും ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി.
വിധിയില്‍ സര്‍ക്കാരിനെതിരെയുള്ള വിജയമായിക്കാണാന് വിമാനത്താവളം ഒരു സ്വകാര്യ സ്ഥാപനമാണെന്നും സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും മന്ത്രി കെ ബാബു പറഞ്ഞു. അതേസമയം വിമാനത്താവളം പോലുള്ള വന്‍ പദ്ധതിക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കൊന്നുമില്ലെന്നും ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പാരിസ്ഥിതികാഘാത പഠനം നടത്തിയ ഏജന്‍സി ഇതിന് യോഗ്യതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആയിരുന്നില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വന്‍ ജനകീയ പ്രക്ഷോഭമുണ്ടായിട്ടും വിമാനത്താവളം നടപ്പിലാക്കാന്‍ തണ്ണീര്‍ത്തട നിയമത്തെ പോലും അട്ടിമറിച്ച് അനുമതി നല്കിയതും ഹരിത ട്രിബ്യൂണലില്‍ വസ്തുതകള്‍ പോലും മറച്ചുവെച്ച് വിമാനത്താവളത്തിന് അനുകൂലമായി നിലപാടെടുത്തതും സര്‍ക്കാരല്ലേ എന്ന മറുചോദ്യമാണ് ആറന്മുള സമര സമിതി ഉയര്‍ത്തുന്നത്. സര്‍ക്കാരിനെതിരേ ഹരിത ട്രിബ്യൂണലിന്റെ വിധിയിലും വിമര്‍ശനമുണ്ട്.