“അഴിമതിക്കാരിയെന്ന് വിളിച്ചു, എല്ലാം കത്തിരുന്ന് കണ്ടോളൂ എന്ന് പറഞ്ഞു” - ഇപി ജയരാജന്റെ ഭീഷണിയെത്തുടര്‍ന്ന് അഞ്‍ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി, ആശ്വസിപ്പിച്ച് പിണറായി

പുതിയ കായിക മന്ത്രിയെ കാണാനും ആവശ്യങ്ങള്‍ അറിയിക്കാനുമാണ് അഞ്ജു ഓഫീസില്‍ എത്തിയത്

അഞ്‍ജു ബോബി ജോര്‍ജ് , ഇപി ജയരാജൻ , സ്പോർട്സ് , സ്‌പോര്‍ട്സ് മന്ത്രി ശകാരിച്ചു
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 9 ജൂണ്‍ 2016 (09:32 IST)
കായിക മന്ത്രി മോശമായി പെരുമാറിയെന്ന് ആരോപിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ലോക അത്‌ലറ്റിക്സ് മെഡൽ ജേതാവുമായ ഒളിംപ്യൻ അഞ്‍ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. അഞ്‍ജുവിന്റെ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.

പുതിയ കായിക മന്ത്രിയെ കാണാനും ആവശ്യങ്ങള്‍ അറിയിക്കാനുമാണ് അഞ്ജു ഓഫീസില്‍ എത്തിയത്. അടുത്തിടെ പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്നും ഈ കേസ് മാത്രം പ്രത്യേകമായി പരിഗണിക്കണമെന്ന് പറഞ്ഞപ്പോഴുമാണ് കായിക മന്ത്രി ഇപി ജയരാജൻ പൊട്ടിത്തെറിച്ചത്.

ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്ന് അഞ്ജു പറഞ്ഞതോടെ മന്ത്രി ശകാരം ആരംഭിക്കുകയും സ്പോർട്സ് കൗൺസിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി ചേര്‍ക്കുകയുമായിരുന്നു. ഈ നടപടി കുട്ടികളുടെ പരിശീലനത്തെ ബാധിക്കുമെന്ന് അഞ്ജു വ്യക്തമാക്കിയപ്പോള്‍ സ്പോർട്സ്
കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു ശകാരം ആരംഭിക്കുകയായിരുന്നു.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബെംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും മന്ത്രി അഞ്ജുവിനോട് ചോദിച്ചു. തങ്ങൾ അധികാരത്തിൽ വരില്ലെന്നു കരുതിയോ നിങ്ങള്‍ എന്നും എല്ലാം കാത്തിരുന്ന് കണ്ടോ എന്നും അദ്ദേഹം ഭീഷണി മുഴക്കി.

അതേസമയം സ്വന്തം നിലപാടു ശക്തമായി കായിക മന്ത്രിയോട് വ്യക്തമാക്കിയശേഷമാണ് അഞ്ജു മുഖ്യമന്ത്രിയേ നേരിട്ടു കണ്ട്, മന്ത്രിയുടെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ചതും പരാതി നല്‍കിയതും. സംഭവിച്ചതെല്ലാം കേട്ട് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടാമെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചതോടെയാണ് അഞ്ജു മടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :