അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്

Kerala News
രേണുക വേണു| Last Modified വ്യാഴം, 4 ജൂലൈ 2024 (09:04 IST)
Kerala News

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് ഒരു മരണം കൂടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫറോക് സ്വദേശി മൃതുല്‍ (12 വയസ്) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഇത് ആളുകളെ ബാധിക്കുന്നത്. വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :