ആലുവ കൂട്ടക്കൊല; പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ആലുവ| VISHNU N L| Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (16:54 IST)
ആറുപേര്‍ കൊലചെയ്യപ്പെട്ട 2001ലെ കേസിലെ ഏക പ്രതി ആലുവ സ്വദേശി ആന്റപ്പന്‍ എന്ന ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി.
ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ ആന്റണിയുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടു. ആന്റണി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. നടപ്പാക്കുന്നതിനായി ആന്റണിക്കെതിരെ ബ്ലാക്ക് വാറന്റ് ജില്ലാ കോടതി പുറപ്പെടുവിക്കും. ഇതിനു ശേഷമാകും ശിക്ഷ നടപ്പിലാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക.

2001 ജനുവരി ആറിനാണ് മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്‌ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ച് ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷയാണ് വധശിക്ഷ വിധിച്ചത്. മാഞ്ഞൂരാന്‍ കുടുംബത്തിലെ ഡ്രൈവറായിരുന്നു പ്രതിയായ ആന്റണി‍. വിവാഹബന്ധം വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയുടെ ബാല്യകാലസുഹൃത്തുകൂടിയായിരുന്നു ആന്റണി.

ആന്റണിക്ക് സൗദിയില്‍ വിസ തരപ്പെട്ടപ്പോള്‍ അതിനുവേണ്ടിയുള്ള പണം നല്‍കാമെന്ന് കൊച്ചുറാണി അറിയിച്ചിരുന്നു. അവസാന സമയം കൊച്ചുറാണി പണം നല്‍കാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ഇവരെ കൊല്ലാനായാണ് ആന്റണി വീട്ടിലെത്തിയത്. ഈ സമയം കൊച്ചുറാണിയും അമ്മ ക്‌ളാരയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇരുവരെയും കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പൂര്‍ണമായി തെളിവ് നശിപ്പിക്കുന്നതിനുവേണ്ടി പിന്നീട് അഗസ്റ്റ്യനെയും ഭാര്യയെയും രണ്ട് മക്കളെയും കോടാലികൊണ്ട് തന്നെ വെട്ടി വീഴ്‌ത്തി. തുടര്‍ന്ന് തീവണ്ടികയറി മുംബൈയിലെത്തി അവിടെനിന്ന് ദമ്മാമിലേക്ക് കടന്നു.

എന്നാല്‍ കുറ്റവാളിയാണെന്ന് മനസിലായ ആന്റണിയെ പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തി മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മറ്റാര്‍ക്കോ വേണ്ടി ആന്റണി കുറ്റമേറ്റെടുക്കുകയായിരുന്നു എന്നാണ് പലരും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ ആക്ഷേപങ്ങള്‍ക്ക് അന്വേഷണ സംഘങ്ങള്‍ ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടില്ല. . മാഞ്ഞൂരാന്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ നടന്ന വന്‍ ഗൂഡാലോചനയായിരുന്നു കൊലപാതകങ്ങള്‍ എന്നാണ് ആക്ഷേപം. ഇക്കാര്യം കണ്ടെത്താന്‍ പൊലീസിനോ സിബിഐയ്‌ക്കോ കഴിഞ്ഞില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :