കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു, സംശയം തോന്നി ചോദിച്ചപ്പോള്‍ മകള്‍ ആണെന്ന് പറഞ്ഞു; ആലുവ കൊലപാതകത്തില്‍ പരിസരവാസികള്‍ പറയുന്നത്

രേണുക വേണു| Last Modified ശനി, 29 ജൂലൈ 2023 (17:16 IST)

ഇന്നലെ വൈകിട്ട് അസ്ഫാക്ക് ചാന്ദ്‌നിയുമായി ആലുവ മാര്‍ക്കറ്റില്‍ എത്തിയിരുന്നതായി ദൃക്‌സാക്ഷികള്‍. ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ താജുദീന്‍ ഇന്നലെ വൈകിട്ട് ചാന്ദ്‌നിയെ അസ്ഫാക്കിനൊപ്പം കണ്ടിരുന്നു. സംശയം തോന്നി ചോദിച്ചപ്പോള്‍ സ്വന്തം മകളാണെന്നാണ് അസ്ഫാക്ക് പറഞ്ഞതെന്ന് താജുദീന്‍ പറയുന്നു. അസ്ഫാക്കിന്റെ ഫോട്ടോ ടിവിയില്‍ കണ്ടപ്പോള്‍ രാവിലെ എട്ടരക്ക് വിളിച്ച് താജുദീന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

' ഇന്നലെ വൈകിട്ട് മൂന്നേ കാലോടു കൂടി കുട്ടിക്കൊപ്പം അസ്ഫാക്ക് മാര്‍ക്കറ്റിലേക്ക് മദ്യപിക്കാനെന്ന നിലയില്‍ എത്തിയത്. സംശയം തോന്നി കുട്ടി ഏതാണെന്ന് ചോദിച്ചപ്പോള്‍ മകള്‍ ആണെന്നാണ് മറുപടി നല്‍കിയത്. കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ മദ്യപിക്കാനെന്നാണ് പറഞ്ഞത്. കുട്ടിയുമായി മാര്‍ക്കറ്റിനുള്ളിലേക്ക് പോയപ്പോള്‍ മൂന്ന് പേര്‍ കൂടി അവന്റെ പിന്നാലെ പോയി. ഫോട്ടോ ടിവിയില്‍ കണ്ടപ്പോഴാണ് ഇയാളാണെന്ന് മനസിലാക്കി കാര്യം പൊലീസിനെ അറിയിച്ചത്,' താജുദീന്‍ പറഞ്ഞു.

ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് ഇന്ന് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ച് വയസുകാരിയായ മകള്‍ ചാന്ദ്‌നിയെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുന്‍പ് താമസിക്കാനെത്തിയ ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലമാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്.

രാംധറിനും ഭാര്യ നീതു കുമാരിക്കും നാല് മക്കളാണ് ഉള്ളത്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട ചാന്ദ്‌നി. രാംധറും ഭാര്യയും വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന കാര്യം അറിയുന്നത്. പലയിടത്തും അന്വേഷിച്ചിട്ട് ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :