കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഒടുവിൽ ഏഴാംക്ളാസുകാരി കിണറ്റിലിറങ്ങി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 28 ജനുവരി 2022 (10:39 IST)
കുറുപ്പന്തറ: കിണറ്റിൽ വീണ തന്റെ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ കിണറ്റിലിറങ്ങി ഏഴാംക്ളാസുകാരി ആട്ടിൻകുട്ടിയെ രക്ഷിച്ചു. സൗത്ത് കിഴക്കേടത്ത് പ്രായിൽ ലിജു - ഷൈനി ദമ്പതികളുടെ മകളായ അൽഫോൻസ (13) യാണ് ആട്ടിൻകുട്ടിയെ രക്ഷിച്ചു നാട്ടുകാരുടെ കൈയടി നേടിയത്.


ബുധനാഴ്ച വൈകിട്ടായിരുന്നു അൽഫോൻസയുടെ ഓമനയായ രണ്ട് മാസം പ്രായമുള്ള ആട്ടിൻകുട്ടി പുല്ലു തിന്നുന്നതിനിടെ വീടിനടുത്തുള്ള 25 അടിയോളം ആഴമുള്ള കിണറ്റിൽ വീണത്. കെട്ടിയിരുന്ന ആടിനെ അഴിക്കാൻ മാതാവ് ഷൈനി എത്തിയപ്പോഴാണ് ആട്ടിൻകുട്ടി കിണറ്റിൽ വീണത് അറിഞ്ഞത്. വിവരം അറിഞ്ഞെത്തിയ അൽഫോൻസ ആകെ വിഷമിച്ചു. ആട്ടിൻകുട്ടി വെള്ളത്തിൽ മുങ്ങിച്ചാകും എന്ന് മനസിലാക്കിയ അൽഫോൻസാ വളരെ വിഷമത്തോടെ അവിടെ കൂടിയ എല്ലാവരോടും സമീപത്തെ കവലയിൽ ഉണ്ടായിരുന്നവരോടും തന്റെ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ പറഞ്ഞു.

എന്നാൽ നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റിൽ ഇറങ്ങാൻ ആരും തയ്യാറായില്ല. സഹികെട്ട അൽഫോൻസാ അടുത്തുള്ള മരത്തിൽ കയർ കെട്ടിയ ശേഷം തൂങ്ങി കിണറ്റിൽ ഇറങ്ങുകയും ആട്ടിൻകുട്ടിയെ രക്ഷിക്കുകയും ചെയ്തു. ഇതോടെ കരയിൽ നിന്നവർ ചൂരൽ കോട്ട കയറിൽ കെട്ടി കിണറ്റിൽ ഇറക്കി ആട്ടിൻകുട്ടിയെ വലിച്ചുകയറ്റി. തുടർന്ന് അൽഫോൻസയും കരയ്‌ക്കെത്തി. മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൽഫോൻസ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :