ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ വീട്ടിലേക്ക് വിട്ടു; വീട്ടിലെത്തി പ്രസവത്തില്‍ കുഞ്ഞു മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (08:51 IST)
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വിട്ടതിന് പിന്നാലെ നടന്ന പ്രസവത്തില്‍ കുഞ്ഞു മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉണ്ണികണ്ണന്റെ ഭാര്യ ധന്യയുടെ കുഞ്ഞാണ് മരിച്ചത്. ധന്യ ചികിത്സ നടത്തിയിരുന്നത് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 2.45 ഓടെ വയറുവേദനയെ തുടര്‍ന്ന് ഇവരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കാണിക്കുകയായിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ ചില മരുന്നുകള്‍ നല്‍കി നിരീക്ഷണ റൂമിലേക്ക് അയക്കുകയായിരുന്നു. ശേഷം ഓപിയില്‍ ഗൈനക്കോളജിസ്റ്റിനെ കാണിക്കണമെന്നും എഴുതിയിരുന്നു.

എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഡ്യൂട്ടി ഡോക്ടര്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ നേരിട്ട് വിളിച്ച് ചികിത്സ ഉറപ്പാക്കാറുണ്ട്. ഇവിടെ അത് നടന്നിട്ടില്ലെന്ന് ധന്യയുടെ ഭര്‍ത്താവ് ഉണ്ണിക്കണ്ണന്‍ ആരോപിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും അസഹ്യമായ വേദന തുടര്‍ന്ന് ധന്യ പ്രസവിക്കുകയായിരുന്നു. 650 ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് ആയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. സംഭവത്തില്‍ യുവതിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :