പരിചയപ്പെട്ടത് സൗദിയില്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍; ആദിലയുടേയും നൂറയുടേയും പ്രണയം ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 2 ജൂണ്‍ 2022 (11:56 IST)

സ്വവര്‍ഗാനുരാഗികളായ ആദില നസ്രീനും ഫാത്തിമ നൂറയും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശവും സ്വാതന്ത്ര്യവും അനുഭവിച്ച് തങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കുകയാണ്. ഏറെ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാമെന്ന് കോടതി വിധിച്ചത്. സൗദിയില്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇരുവരുടേയും പ്രണയം മൊട്ടിട്ടത്. ആദില ആലുവ സ്വദേശിനിയാണ്. ഫാത്തിമ താമരശ്ശേരിക്കാരിയും.

സൗദിയില്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നൂറയുമായി പ്രണയത്തിലായതെന്നു ആദില ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് നൂറയെ മാതാപിതാക്കള്‍ സൗദിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയുന്നത്. ഇരു കുടുംബങ്ങളും ബന്ധത്തെ എതിര്‍ത്തു. ബിരുദ പഠനത്തിനു ശേഷം ഒളിച്ചോടാനായിരുന്നു ഇരുവരുടേയും തീരുമാനം.

മക്കളുടെ സൗഹൃദത്തില്‍ കളങ്കം കണ്ടെത്തിയ രക്ഷിതാക്കള്‍ ഇരുവരെയും നാട്ടിലേക്കയച്ചു. ഡിഗ്രി കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് ഉപ്പയ്ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ആലുവ സ്വദേശിയായ ആദിലയെ കോളേജില്‍ ചേര്‍ത്തത്. കോഴിക്കോട് താമരശേരി സ്വദേശിയായ നൂറ നാട്ടില്‍ ബി.എ ഇംഗ്‌ളീഷിനും ചേര്‍ന്നു. ഡിഗ്രി ഫലത്തിനു പിന്നാലെ മേയ് 19ന് ആദില നൂറയെ തേടി കോഴിക്കോട്ടെത്തി. നൂറയുടെ ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവ മുപ്പത്തടത്തെ വീട്ടിലെത്തിച്ചു. 24ന് നൂറയെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി. ചെറുത്ത ഇരുവര്‍ക്കും മര്‍ദ്ദനമേറ്റു. ആദില വീട്ടില്‍ നിന്നു പുറത്തായി. അതിനുശേഷമാണ് ആദില നൂറയെ വിട്ടുകിട്ടാന്‍ നിയമപോരാട്ടം നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :