‘അതൊന്നും സത്യമല്ല’ - പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി !

തനിക്കെതിരെ തെറ്റായ പ്രചരണം നടത്തരുത്, ദിലീപുമായി ഭൂമി, പണം ഇടപാടുകള്‍ ഇല്ലെന്നും നടി

കൊച്ചി| AISWARYA| Last Updated: വ്യാഴം, 13 ജൂലൈ 2017 (15:55 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിപീല്‍ അറസ്‌റ്റിലായതിന് പിന്നാലെ പുറത്തുവന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ അക്രമണം നേരിടേണ്ടിവന്ന യുവനടി രംഗത്ത്. തനിക്ക് ദിലീപുമായി ഭൂമി, പണം ഇടപാടുകള്‍ ഇല്ലെന്നും തന്റെ പക്കലുള്ള രേഖകള്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നടന്‍ ദിലീപുമായി തനിക്ക് നല്ല സൌഹൃദമായിരുന്നുവെന്നും എന്നാല്‍ പിന്നീടില്‍ അതില്‍ വിള്ളല്‍ വന്നിരുന്നുവെന്നും നടി വെളിപ്പെടുത്തി. കുടാതെ നിരപരാതികള്‍ ആരും ശിക്ഷിക്കപ്പെടരുതെന്നും എന്നാല്‍ കുറ്റം ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷ അനുഭവിക്കണമെന്നും നടി മാധ്യമ കുറുപ്പില്‍ പറഞ്ഞു.

തന്റെ പേരില്‍ പുറത്ത് വരുന്ന വീഡിയോയും ഫോട്ടോകളും വ്യാജമാണെന്നും തിനിക്ക് ഇത്തരത്തില്‍ ഫേസ്ബുക്കോ ട്വിറ്ററോ ഇല്ലെന്നും അക്രമത്തിനിരയായ നടി വെളിപ്പെടുത്തി. വ്യക്തി വിരോധത്തിന്റെ പേരില്‍ താന്‍ ആരെയും പ്രതിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.

നടിയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണ‌രൂപം:

സുഹൃത്തുക്കളേ...

ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും, അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല.

ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത്.

തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതു എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതിൽ പിന്നെ കേട്ടികൊണ്ടിരിക്കുന് മറ്റൊരു കാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടപാടുകൾ ഉണ്ടെന്നുള്ളതാണ്.

അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല. ഇത് ഞാൻ മുൻപ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു സത്യവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ടു പറയണമെന്ന് തോന്നി. ഇത് അന്വേഷണ ഉദ്യോഗ‌സ്ഥർക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാൽ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയാറുമാണ്.

ഫെയ്സ് ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഞാനില്ലാത്തതുകൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന ഓരോ വിഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാൻ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർഥതയോടെ ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :